വശ്യം, ഏഷ്യൻ വിസ്മയം, ഹാങ്ചോ ഏഷ്യൻ ഗെയിംസിന് തുടക്കം

Mail This Article
വൻമതിൽ അല്ല, ഇതാണ് ലോകാദ്ഭുതം! പകരം വയ്ക്കാനാകാത്ത സാങ്കേതിക മികവും സർഗാത്മകതയും ചേർത്ത് 19–ാം ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ ചൈന ഒരുക്കിയത് അതിമനോഹരമായ ദൃശ്യവിരുന്ന്. 752 വർഷം മുൻപ് ഹാങ്ചോയിൽ കാലുകുത്തിയ ലോക സഞ്ചാരി മാർക്കോ പോളോ പറഞ്ഞതു തന്നെ, കായികലോകം ഇന്നലെ പറഞ്ഞു: ഇതുപോലൊന്ന് മുൻപ് കണ്ടിട്ടില്ല!
ചൈനയുടെ തനിമയും സാങ്കേതികവിദ്യയുടെ പെരുമയും വിളിച്ചോതിയ ആഘോഷം ഗെയിംസിന്റെ തുടക്കം പ്രൗഢമാക്കി. പ്രാദേശിക സമയം രാത്രി എട്ടിന് ആരംഭിച്ച ചടങ്ങ് 2 മണിക്കൂർ നീണ്ടു. ഗെയിംസിന്റെ പ്രധാന വേദിയായ ഹാങ്ചോ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ചൈനയുടെ ഒളിംപിക്സ് നീന്തൽ ചാംപ്യൻ വാങ് ഷൊന്നും എഐ സാങ്കേതിക വിദ്യയിലൊരുക്കിയ ഡിജിറ്റൽ മനുഷ്യനും ചേർന്ന് ഗെയിംസിന്റെ ദീപം തെളിച്ചത് ലോക കായികമേളകളുടെ ചരിത്രത്തിലെ അപൂർവ കാഴ്ചയായി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് ഗെയിംസിന്റെ തുടക്കം പ്രഖ്യാപിച്ചു. മാർച്ച് പാസ്റ്റിൽ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യയുടെ പതാകാവാഹകരായി. ഗെയിംസ് ഒക്ടോബർ 8ന് സമാപിക്കും.
ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ ആക്ടിങ് പ്രസിഡന്റ് രൺധീർ സിങ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് എന്നിവരും കംബോഡിയ, സിറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവൻമാരും പങ്കെടുത്തു. വശ്യം, ഏഷ്യൻ വിസ്മയം!
English Summary: Asian Games inaugural ceremony