ഷൂസിന് വലുപ്പമില്ല, പാന്റ്സിന് ഇറക്കമില്ല; വോളി ടീമിന് മാർച്ച് പാസ്റ്റ് നഷ്ടം

Mail This Article
ഹാങ്ചോ∙ ഷൂസിന് വലുപ്പമില്ല... പാന്റ്സിന് ഇറക്കമില്ല... ഇന്ത്യൻ വോളിബോൾ ടീമിന് ഏഷ്യൻ ഗെയിംസ് മാർച്ച് പാസ്റ്റിൽ ഇടവുമില്ല. അട്ടിമറി വിജയങ്ങളോടെ ഗെയിംസിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ പുരുഷ വോളിബോൾ ടീമംഗങ്ങൾ ഇന്നലെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിലുണ്ടായിരുന്നില്ല. ചടങ്ങിൽ ഇന്ത്യൻ ടീമിനു ധരിക്കാൻ എത്തിച്ച യൂണിഫോം ഇവർക്കും വിതരണം ചെയ്തിരുന്നു. എന്നാൽ പാൻ്സിനു ഇറക്കം കുറയുകയും കാലിന് കാലിനു പാകമാകാത്ത ഷൂസ് ലഭിക്കുകയും ചെയ്തതോടെ പിൻവാങ്ങേണ്ടിവന്നു.
12 താരങ്ങളാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ വോളിബോൾ ടീമിലുള്ളത്. ആറടി ഉയരക്കാരനായ താരങ്ങളിൽ പലർക്കും മുട്ടിനു താഴെ മാത്രം ഇറക്കമുള്ള പാന്റ്സാണ് ലഭിച്ചത്. ചിലർക്കു ലഭിച്ച ഷൂസിനും വലുപ്പക്കുറവുണ്ടായി. ഉദ്ഘാടനച്ചടങ്ങിലെ യൂണിഫോമിന് ഏഷ്യൻ ഗെയിംസ് ക്യാംപിനിടെ എല്ലാ ടീമംഗങ്ങളുടെയും അളവെടുത്തിരുന്നു.
ഉദ്ഘാടനച്ചടങ്ങിനു തലേന്ന് വിതരണം ചെയ്തപ്പോഴാണ് ഡ്രസ് താരങ്ങൾക്കു പാകമല്ലെന്നു മനസ്സിലായത്. ഉദ്ഘാടനച്ചടങ്ങിൽ 250 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പാസാണ് ഇന്ത്യൻ സംഘത്തിന് ലഭിച്ചത്. എന്നാൽ, നൂറിൽ താഴെയായിരുന്നു മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘബലം. പുരുഷ ഹോക്കി, ഫുട്ബോൾ, വനിതാ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്തില്ല. ഇവർക്കെല്ലാം ഗെയിംസിൽ ഇന്ന് മത്സരമുണ്ട്.
English Summary: Indian volleyball team miss Asian Games march past