ത്രിവർണം... സുവർണം...

Mail This Article
കാതിനു മധുരമായി ഇന്ത്യൻ ദേശീയഗാനം, കൈ നിറയെ മെഡലുകൾ... ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സ്വർണവേട്ടയ്ക്കു തുടക്കമിട്ട ഇന്ത്യ മെഡൽപ്പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ആതിഥേയരായ ചൈനയാണ് ഒന്നാമത്. ഷൂട്ടിങ്ങിലെയും വനിതാ ക്രിക്കറ്റിലെയും സ്വർണനേട്ടത്തോടെ, ഇന്ത്യൻ ആരാധകരെ ആവേശഭരിതരാക്കി ഗെയിംസ് നഗരിയിൽ ഇന്നലെ ദേശീയഗാനം മുഴങ്ങിയത് 2 തവണയാണ്. ട്വന്റി20 ക്രിക്കറ്റിൽ സ്വർണം നേടിയ വനിതാ ടീമിനൊപ്പം ഷൂട്ടിങ്, റോവിങ് ടീമുകളാണ് ഇന്നലെ ഇന്ത്യൻ മെഡൽസഞ്ചി നിറച്ചത്. 2 സ്വർണവും 3 വെള്ളിയും 6 വെങ്കലവുമാണ് ഹാങ്ചോ ഗെയിംസിൽ ഇന്ത്യയുടെ ആകെ നേട്ടം.

ആദ്യദിനത്തിലെ വിജയങ്ങളുടെ ആവേശത്തിൽ ഇന്ത്യൻ കായികലോകം ഇന്നലെ രാവിലെ പ്രതീക്ഷയോടെ കണ്ണുനട്ടിരുന്നത് ഷൂട്ടിങ് റേഞ്ചിലേക്കാണ്. ആ കാത്തിരിപ്പ് വെറുതെയായില്ല. മഹാരാഷ്ട്രക്കാരൻ രുദ്രാൻക്ഷ് പാട്ടീൽ, മധ്യപ്രദേശ് സ്വദേശി ഐശ്വരി പ്രതാപ്സിങ് തോമർ, രാജസ്ഥാൻ സ്വദേശി ദിവ്യാൻഷ് സിങ് പൻവാർ എന്നിവർ ചേർന്നു നിറയൊഴിച്ചത് സ്വർണത്തിനൊപ്പം ലോക റെക്കോർഡിലേക്കു കൂടിയാണ്. ടീം ഇനങ്ങളിൽ മത്സരിക്കുന്ന 3 പേരുടെയും വ്യക്തിഗത പ്രകടനങ്ങൾ ചേർത്താണ് ടീമിന്റെ ആകെ പോയിന്റ് നിശ്ചയിക്കുക. 3 ഇന്ത്യൻ താരങ്ങളും ചേർന്ന് നേടിയ 1893.7 പോയിന്റ് ഈയിനത്തിലെ പുതിയ ലോക റെക്കോർഡായി. ഈവർഷമാദ്യം ചൈനീസ് ടീം സ്ഥാപിച്ച 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഓർമയായത്.

ഷൂട്ടിങ് റേഞ്ചിൽ നിന്നുള്ള ഇന്ത്യയുടെ മെഡലാനന്ദം ഒരു സ്വർണത്തിൽ ഒതുങ്ങിയില്ല. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലെ വെങ്കലം നേട്ടത്തോടെ ഐശ്വരി പ്രതാപ്സിങ് തന്റെ മെഡൽനേട്ടം രണ്ടാക്കി. വിജയവീർ സിദ്ദു, ആദർശ് സിങ്, അനീഷ് ബൻവാല എന്നിവരുൾപ്പെട്ട ടീം പുരുഷൻമാരുടെ 25 മീറ്റർ റാപ്പിഡ് പിസ്റ്റൾ ഇനത്തിലും വെങ്കലം നേടി. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡലുകൾ അഞ്ചായി. ഷൂട്ടിങ്ങിൽ ഇന്നലെ മത്സരിച്ച 4 ഇനങ്ങളിൽ മൂന്നിലും മെഡൽ നേടാനും ഇന്ത്യയ്ക്കു സാധിച്ചു.
ആദ്യദിനം 3 മെഡലുകൾ നേടിയ റോവിങ്ങിൽ ഇന്ത്യയ്ക്ക് ഇന്നലെയുണ്ടായിരുന്നത് 4 ഫൈനലുകൾ. പുരുഷൻമാരുടെ ക്വാഡ്രപ്പിൾ സ്കൾ ഇനത്തിൽ സത്നാം സിങ്, പർമീന്ദർ സിങ്, ജാകർ ഖാൻ, സുഖ്മീത് സിങ് എന്നിവരുൾപ്പെട്ട ടീമും പുരുഷൻമാരുടെ ടീം ഫോർ ഇനത്തിൽ ജസ്‌വീന്ദർ സിങ്, ഭീം സിങ്, പുനിത് കുമാർ, ആശിഷ് എന്നിവരും വെങ്കലം നേടി. എന്നാൽ വനിതകളുടെ 2 ടീം ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ പൂർണമായും നിരാശപ്പെടുത്തി.

ബോക്സിങ്: ദീപക്കിനും നിഷാന്തിനും ജയം
ബോക്സിങ്ങിൽ ലോക ചാംപ്യൻഷിപ് വെങ്കല ജേതാവ് ദീപക് ഭോറിയയും നിഷാന്ത് ദേവും ഉജ്വല ജയങ്ങൾ സ്വന്തമാക്കി. പുരുഷ വിഭാഗം 51 കിലോ വിഭാഗത്തിൽ മലേഷ്യയുടെ മുഹമ്മദ് അബ്ദുൽ ഖയ്യും ബിൻ ആരിഫിനെയാണ് ദീപക് ഇടിച്ചുവീഴ്ത്തിയത്. പുരുഷ വിഭാഗം 71 കിലോഗ്രാമിൽ നേപ്പാളിന്റെ ദീപേഷ് ലാമയ്ക്കെതിരെ നിഷാന്തിന്റെ വിജയവും അനായാസമായിരുന്നു. അതേസമയം, വനിതകളുടെ 66 കിലോഗ്രാമിൽ അരുന്ധതി ചൗധരിയെ ചൈനയുടെ ലോക ചാംപ്യൻ യാങ് ലിയു കീഴടക്കി.
English Summary: India win gold in women's cricket and shooting