ADVERTISEMENT

ഒരാൾ തളർന്നാലും മറ്റുള്ളവർ ഇരട്ടി ശക്തിയോടെ ആഞ്ഞുപിടിക്കുന്ന വടംവലി പോലെയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ‌ സംഘത്തിന്റെ മെഡൽ പോരാട്ടം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യൻ താരങ്ങൾക്ക് ഉന്നംപിഴച്ചപ്പോൾ‌ അശ്വാഭ്യാസത്തിൽ നിന്ന് അപ്രതീക്ഷിതമായി ഇന്നലെ വിജയത്തിന്റെ കുളമ്പടി. നിരാശയുടെ പകലിനൊടുവിൽ ഇന്ത്യയ്ക്കു ഗെയിംസിലെ മൂന്നാം സ്വർണം. ഇതടക്കം 3 മെഡലുകളാണ് മൂന്നാംദിനത്തിൽ ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ 14 ആയി. 

അശ്വാഭ്യാസത്തിലെ ഏഷ്യൻ ഗെയിംസ് സ്വർണത്തിനായുള്ള രാജ്യത്തിന്റെ 41 വർഷത്തെ കാത്തിരിപ്പാണ് സുദീപ്ത ഹലേജ, ദിവ്യാക്രിതി സിങ്, അനുഷ് അഗർവാല, ഹൃദയ് ഛെദ എന്നിവർ ചേർന്നു സഫലമാക്കിയത്. ഡ്രസാഷ് ടീം ഇനത്തിലാണ് ഇവരുടെ നേട്ടം. 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ ഇവന്റിങ് ആൻഡ് ടെന്റ് പെഗ്ഗിങ് വിഭാഗത്തിൽ ഇന്ത്യ 3 സ്വർണം നേടിയിരുന്നു. 1986 സോൾ ഒളിംപിക്സിൽ ഡ്രസാഷ് വിഭാഗത്തിൽ ഇന്ത്യൻ ടീം വെങ്കലവും നേടി. 

മത്സരത്തിൽ 209.205 പോയിന്റ് നേടിയ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായകമായത് അവസാന റൗണ്ടിൽ അനുഷ് അഗർവാല നേടിയ 71.088 പോയിന്റുകളാണ്. ഈയിനത്തിൽ ചൈന വെള്ളിയും (204.882) ഹോങ്കോങ് വെങ്കലവും (204.852) സ്വന്തമാക്കി. 

1) നേഹ ഠാക്കൂർ 2) ഇബാദ് അലി

ഗെയിംസിന്റെ ആദ്യ 2 ദിവസം റോവിങ്ങിൽ കരുത്തുകാട്ടിയ ഇന്ത്യ ഇന്നലെ 2 മെഡൽ സ്വന്തമാക്കിയത് സെയ്‌ലിങ്ങിലാണ്. പെൺകുട്ടികളുടെ ഡിങ്കി വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശിനി നേഹ ഠാക്കൂറിന്റെ വെള്ളിയാണ് ആദ്യ നേട്ടം. പുരുഷൻമാരുടെ ആർഎസ് എക്സ് വിഭാഗത്തിൽ ഉത്തർപ്രദേശ് സ്വദേശി ഇബാദ് അലി വെങ്കലവും നേടി. മറ്റു 3 മത്സരങ്ങളിൽ നാലാം സ്ഥാനത്തായ ഇന്ത്യൻ താരങ്ങൾക്കു നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. സെയ്‌ലിങ് ഇനങ്ങളിൽ ഇന്ത്യയ്ക്ക് ഇന്ന് 4 ഫൈനലുകൾ കൂടി ബാക്കിയുണ്ട്. 

ഷൂട്ടിങ്ങിൽ നിരാശ

കഴിഞ്ഞ 2 ദിവസത്തിനിടെ നേടിയ 5 മെഡലുകൾ നേടിത്തന്ന ഷൂട്ടിങ് റേഞ്ചിൽ ഇന്നലെയും ഇന്ത്യ വലിയ പ്രതീക്ഷയിലായിരുന്നു. 10 മീറ്റർ എയർറൈഫിൾ മിക്സ്ഡ് ടീം ഇനത്തിൽ നാലാംസ്ഥാനത്തായ ഇന്ത്യയുടെ രമിത ജിൻഡാൽ– ദിവ്യാൻഷ് പൻവാർ‌ സഖ്യത്തിന് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. വെങ്കല മെഡൽ ഷൂട്ട് ഓഫിൽ 8–0ന് മുന്നിൽനിന്ന ഇന്ത്യൻ സഖ്യം ഒടുവിൽ 18–20ന് മെഡൽ കൈവിട്ടു. വനിതാ ഫെൻസിങ്ങിൽ ഒളിംപ്യൻ ഭവാനി ദേവി ക്വാർട്ടറിൽ തോറ്റതും ഇന്ത്യയ്ക്കു ഞെട്ടലായി. കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് ചൈനയുടെ യാഖി ഷൂവാണ് ഭവാനിയെ (15–7) തോൽപിച്ചത്.

1982: കന്നി സ്വർണം ഡൽഹിയിൽ

അശ്വാഭ്യാസത്തിൽ ഇന്ത്യയുടെ കന്നിസ്വർണ നേട്ടം ന്യൂഡൽഹി ആതിഥ്യം വഹിച്ച 1982 ഏഷ്യൻ ഗെയിംസിൽ. ഇവന്റിങ് ആൻഡ് ടെന്റ് പെഗ്ഗിങ് മത്സരങ്ങളിൽ 3 സ്വർണമാണ് ഇന്ത്യ അക്കുറി നേടിയത്. ഷെഹ്സാദ എന്ന കുതിരയുടെ പുറത്തെത്തിയ രഘുബീർ സിങ്ങാണ് വ്യക്തിഗത ഇവന്റിങ്ങിൽ ആദ്യ സ്വർണം നേടിയത്. തുടർന്ന് ഗുലാം മുഹമ്മദ് ഖാൻ, ബിഷാൽ സിങ്, മിൽഖ സിങ് എന്നിവർക്കൊപ്പം ടീം ഇവന്റിങ് ഇനത്തിലും രഘുബീർ സ്വർണം നേടി. പിന്നീട് രൂപീന്ദർ സിങ് ബ്രാർ വ്യക്തിഗത ടെന്റ് പെഗ്ഗിങ്ങിലും സ്വർണമണിഞ്ഞു. 1986 ഏഷ്യൻ ഗെയിംസിൽ ഡ്രസാഷ് ഇനത്തിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.

English Summary : India got gold medal in equestrian and silver in sailing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com