കുതിരകളുടെ ‘ക്യാറ്റ് വോക്ക്’, ചെറുചലനങ്ങളോടെ കുതിരയെ നിയന്ത്രിക്കുന്ന റൈഡർ

Mail This Article
റാംപിൽ കൃത്യമായ ചുവടുകളോടെ നടക്കുന്ന ഒരു മോഡലിനെപ്പോലെ കുതിര. കൈ കൊണ്ടും കാൽ കൊണ്ടുമുള്ള ചെറുചലനങ്ങളോടെ കുതിരയെ നിയന്ത്രിക്കുന്ന റൈഡർ. കുതിരയും റൈഡറും തമ്മിലുള്ള ഈ മനപ്പൊരുത്തമാണ് അശ്വാഭ്യാസത്തിലെ ഡ്രസാഷ് മത്സരത്തിലെ വിജയരഹസ്യം. 41 വർഷത്തിനു ശേഷം ഡ്രസാഷ് വിഭാഗത്തിലൂടെ ഇന്ത്യ അശ്വാഭ്യാസത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയതോടെ പുരാതനമായ ഈ കായിക ഇനത്തോടുള്ള താൽപര്യം കൂടിയിരിക്കുകയാണ്.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് (എഫ്ഇഐ)അംഗീകരിച്ച 6 അശ്വാഭ്യാസ വിഭാഗങ്ങളാണുള്ളത്.
1) ഡ്രസാഷ്– കുതിരയും റൈഡറും ഒത്തു ചേർന്നുള്ള ചലനങ്ങൾ.
2) ജംപിങ്– കുതിര ഹർഡിലുകൾ ചാടിക്കടക്കുന്ന മത്സരയിനം
3) വോൾട്ടിങ്– കുതിരയുടെ മുകളിൽ നിന്നുള്ള റൈഡറുടെ അഭ്യാസങ്ങൾ
4) ഡ്രൈവിങ്– കുതിരവണ്ടിയോട്ടം
5) എൻഡ്യുറൻസ്– കുതിരയുമൊത്തുള്ള ദീർഘദൂര ഓട്ടങ്ങൾ
6) ഇവന്റിങ്– ഡ്രസാഷ്, എൻഡ്യുറൻസ്, ജംപിങ് ഇവ ചേർന്നത്.
ഇതിൽ 3 വിഭാഗങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിലുമുള്ളത്. ഡ്രസാഷ്, ജംപിങ്, ഇവന്റിങ് എന്നിവ.
പുരുഷൻമാർക്കും വനിതകൾക്കും ഒരുമിച്ചു മത്സരിക്കാം എന്നതാണ് കായിക ഇനങ്ങളിൽ അശ്വാഭ്യാസത്തെ വ്യത്യസ്തമാക്കുന്നത്.3 വീതം സ്വർണവും വെളളിയും 6 വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ ഇതുവരെ ഇന്ത്യയുടെ മെഡൽ നേട്ടം. കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇവന്റിങ് വിഭാഗത്തിൽ ഇന്ത്യൻ താരം ഫുവാദ് മിർസ വെള്ളി നേടിയിരുന്നു. ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടി.
നിദയുടെ എപ്സിലോൺ
മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ ഇരുപത്തൊന്നുകാരി നിദ അൻജും ചേലാട്ടിലൂടെയാണ് അശ്വാഭ്യാസം ഈയിടെ മലയാളികൾക്കു പരിചിതമായത്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് (എഫ്ഇഐ) സംഘടിപ്പിച്ച ഇക്വസ്‌ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പിലെ നാലു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായാണ് നിദ ചരിത്രം രചിച്ചത്. ദക്ഷിണ ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിൽ നടന്ന ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ 7.29 മണിക്കൂറിൽ നിദ പൂർത്തിയാക്കി. അശ്വാഭ്യാസത്തിലെ എൻഡ്യുറൻസ് വിഭാഗത്തിലായിരുന്നു നിദയുടെ നേട്ടം. എപ്സിലോൺ സലോയെന്ന കുതിരയായിരുന്നു നിദയുടെ പങ്കാളി.
എന്താണ് ഡ്രസാഷ്?
‘പരിശീലനം’ എന്നാണ് ഡ്രസാഷ് എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം. നേരത്തേ പരിശീലിപ്പിച്ചു മനസ്സിലുറപ്പിച്ച ചലനങ്ങൾ കുതിരയും റൈഡറും ആവർത്തിക്കുക എന്നതാണ് ഡ്രസാഷ് മത്സരം. പിയാഫ്, പസാജ്, ഹാഫ് പാസ്, പിറൂട്ട് എന്നിങ്ങനെ പലതരം ചലനങ്ങളുണ്ട് മത്സരത്തിൽ. ഏകദേശം 60 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള മണൽപ്പരപ്പിലാണ് മത്സരം. ഈ അരീനയിൽ കൃത്യമായ സ്ഥലങ്ങളിൽ ഇംഗ്ലിഷ് അക്ഷരങ്ങൾ മാർക് ചെയ്തിട്ടുണ്ടാകും. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ മുന്നോട്ടു നീങ്ങുന്ന കുതിരയും റൈഡറും ഈ അക്ഷരങ്ങൾക്ക് അനുസൃതമായ ചലനങ്ങൾ പ്രകടിപ്പിക്കണം.
ജിംനാസ്റ്റിക്സിലെപ്പോലെ 0–10 എന്ന രീതിയിലാണ് പോയിന്റ്. അരീനയുടെ വശങ്ങളിലുള്ള വിധികർത്താക്കൾ ഇതിനു മാർക്കിടും. ഓരോ ടീമിലെയും റൈഡർമാരുടെ മാർക്കുകൾ കൂട്ടിയാണ് പെർസന്റൈൽ സ്കോറിങ്. അരീനയുടെ അവസാനം ‘സി’ എന്ന അക്ഷരം രേഖപ്പെടുത്തിയ സ്ഥലത്താണ് ജഡ്ജിങ് പാനൽ ചെയർമാൻ ഉണ്ടാവുക. ഇദ്ദേഹത്തെ സല്യൂട്ട് ചെയ്താണ് മത്സരം അവസാനിക്കേണ്ടത്.

കുതിരകൾ വന്നത് വിമാനത്തിൽ
ഇന്ത്യൻ അശ്വാഭ്യാസ സംഘത്തിലെ കുതിരകളെ ജർമനിയിൽ ഒരാഴ്ച ക്വാറന്റീൻ പൂർത്തീകരിച്ച ശേഷമാണ് ഹാങ്ചോയിലേക്കു കൊണ്ടു വന്നത്. വിമാനമാർഗമായിരുന്നു കുതിരകളുടെ യാത്ര.
English Summary : What is dressage in equestrian?