ഗെയിംസ് വൈകിയതു തുണയായി; നേഹയ്ക്കു മോഹമെഡൽ

Mail This Article
ഹാങ്ചോ∙ കോവിഡ് എന്നു കേൾക്കുന്നതേ നിരാശാജനകമായ കാര്യമാണ് പലർക്കും. എന്നാൽ, ഏഷ്യൻ ഗെയിംസിൽ സെയ്‌ലിങ്ങിൽ പെൺകുട്ടികളുടെ ഡിങ്കി വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടിയ മധ്യപ്രദേശുകാരി നേഹ ഠാക്കൂറിന് അങ്ങനെയല്ല.
കോവിഡിന്റെ വരവാണ് നേഹയുടെ വിധി മാറ്റിയത്. കോവിഡ് മൂലം ഏഷ്യൻ ഗെയിംസ് ഒരു വർഷം നീട്ടിവച്ചിരുന്നില്ലെങ്കിൽ നേഹ ഹാങ്ചോയിൽ മത്സരരംഗത്തുതന്നെ ഉണ്ടാകുമായിരുന്നില്ല.
കൃത്യസമയത്ത് ഗെയിംസ് നടന്നിരുന്നെങ്കിൽ ഋതിക ഡാംഗിയായിരുന്നു അണ്ടർ 17 പെൺകുട്ടികളുടെ ഡിങ്കി ഇനത്തിൽ നേഹയുടെ സ്ഥാനത്ത് മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ, മത്സരം നീട്ടിവച്ചത് ഋതികയ്ക്ക് തരിച്ചടിയായി. 18 വയസ്സ് തികഞ്ഞതോടെ ഈ ഇനത്തിൽ പങ്കെടുക്കാൻ അയോഗ്യതയായി. കഴിഞ്ഞ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ നേഹയ്ക്കു നറുക്കുവീണത് അങ്ങനെയാണ്.
ഭോപാലിൽനിന്ന് 120 കിലോമീറ്റർ അകലെ അമൽതാജ് ഗ്രാമത്തിലെ കർഷക കുടുംബത്തിൽനിന്നുള്ള നേഹ 2017ൽ ആണ് നാഷനൽ സെയ്‌ലിങ് സ്കൂളിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
English Summary : Madhya Pradesh native Neha Thakur won silver for India in sailing