മനു പറയുന്നു; എങ്കിലും ഞാൻ ഉയർന്നു പറക്കും!

Mail This Article
ഹാങ്ചോ ∙ ദൗർഭാഗ്യങ്ങളെ തലയിലെഴുത്ത് എന്നു പറഞ്ഞ് സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല മനു ഭാക്കർ. പകരം ഈ ഇരുപത്തൊന്നുകാരി കഴുത്തിലെഴുതി, ‘എങ്കിലുമുയരും ഞാൻ’. സ്വർണനേട്ടവും മെഡൽ നഷ്ടവും പങ്കിട്ട ദിവസത്തിനൊടുവിൽ ഷൂട്ടിങ് റേഞ്ചിൽ നിന്നു പുറത്തിറങ്ങുമ്പോളാണ് കഴുത്തിന്റെ പിന്നിൽ പച്ചകുത്തിയ വാക്കുകൾ മനു കാട്ടിത്തന്നത് – Still I Rise എന്നായിരുന്നു ആ എഴുത്ത്.
തിരിച്ചടികളിൽ പതറില്ലെന്നും ഇനിയുമുയർന്നു പറക്കാൻ തന്റെ ചിറകുകൾക്കാകുമെന്നും വിളിച്ചുപറയുന്ന നിശ്ചയദാർഢ്യമാണ് അതിൽ തെളിഞ്ഞുനിന്നത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഹരിയാന സ്വദേശിനി മനുവിന് ഇതേയിനത്തിൽ വ്യക്തിഗത മത്സരത്തിൽ അഞ്ചാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരിയായിട്ടും ഫൈനലിൽ മെഡൽ നഷ്ടമായതിന്റെ വിഷാദത്തിലും മനു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു; തിരിച്ചുവരും ഞാൻ.
ടോക്കിയോ ഒളിംപിക്സിലെ തിരിച്ചടികളിൽ മാനസികമായി തകർന്ന സമയത്താണ് പ്രശസ്ത അമേരിക്കൻ കവി മായ അഞ്ചലോയുടെ ‘സ്റ്റിൽ ഐ റൈസ്’ എന്ന കവിതയിലെ വരികൾ മനു കഴുത്തിൽ പച്ച കുത്തിയത്. ടോക്കിയോയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്നു 19 വയസ്സുകാരി മനു. പക്ഷേ മത്സരിച്ച 3 ഇനങ്ങളിലും ഫൈനലിൽ പോലുമെത്താനായില്ല. പ്രധാന ഇനമായ 10 മീറ്റർ എയർ പിസ്റ്റളിൽ മത്സരത്തിനിടെ തോക്ക് തകരാറിലായതോടെ പ്രകടനം മോശമായി. കണ്ണീരോടെയാണ് അന്നു റേഞ്ച് വിട്ടത്.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീമൊന്നാകെ നിരാശപ്പെടുത്തിയെങ്കിലും ആരാധകരോഷവും വിമർശനവുമെല്ലാം മനുവിനു നേർക്കായിരുന്നു. സമ്മർദങ്ങളെ അതിജീവിക്കാനറിയില്ലെന്നും വലിയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പക്വതയായിട്ടില്ലെന്നും ആക്ഷേപമുണ്ടായി. ഏതാനും രാത്രികൾ തനിക്ക് ഉറങ്ങാനായില്ലെന്നും ഷൂട്ടിങ് അവസാനിപ്പിക്കാൻ വരെ ചിന്തിച്ചിരുന്നെന്നും മനു പിന്നീട് പറഞ്ഞിരുന്നു. പക്ഷേ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മനു ഷൂട്ടിങ്ങിലേക്കു തിരിച്ചെത്തിയത് മനസ്സിനെയും തോക്കിനെയും ഏതു കഠിന സാഹചര്യത്തെയും നിയന്ത്രിക്കാനുള്ള ആത്മധൈര്യവുമായിട്ടായിരുന്നു.
ഇന്നലെ വനിതാ ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളിൽ അവസാനമായിരുന്നു മനുവിന്റെ ഊഴം. റിഥം സാങ്‌വാൻ, ഇഷ സിങ് എന്നിവർ നേടിയെടുത്ത ലീഡ്, സമ്മർദത്തിന് അടിപ്പെട്ട് നഷ്ടപ്പെടുത്താതിരിക്കുക എന്നതായിരുന്നു മനുവിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. മികച്ച വ്യക്തിഗത പ്രകടനത്തോടെ ഇന്ത്യയ്ക്കു സ്വർണം ഉറപ്പാക്കാൻ മനുവിനു കഴിഞ്ഞു.
English Summary: Manu Bhaker's tatoo says still i rise