ADVERTISEMENT

ഏഷ്യൻ ഗെയിംസിലെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല ഇന്ത്യയ്ക്ക് ഇന്നലെ. ഓരോ തവണ നിറയൊഴിച്ചപ്പോഴും ഓരോ മെഡൽ വീതം കൂടെപ്പോന്ന ദിവസം. രാവിലെ മുതൽ വൈകിട്ടുവരെ നീണ്ട പോരാട്ടം അവസാനിക്കുമ്പോൾ ഇന്നലെ ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യയുടെ നേട്ടം  2 സ്വർണം, 3 വെള്ളി, 2 വെങ്കലം. 2 തവണ ദേശീയ ഗാനം മുഴങ്ങിയതിനൊപ്പം ഒരേ സമയം 2 ഇന്ത്യൻ താരങ്ങൾ പോഡിയം കയറിയ മനോഹര നിമിഷത്തിനും ഷൂട്ടിങ് റേഞ്ച് സാക്ഷിയായി. ഷൂട്ടിങ്ങിൽ മാത്രം 12 മെഡലുകളാണ് ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം. കഴിഞ്ഞ 3 ഏഷ്യൻ ഗെയിംസുകളിലെ മെഡൽ നേട്ടങ്ങളെ ഇന്ത്യൻ ഷൂട്ടിങ് ടീം ഇതിനകം മറികടന്നു.

സ്വർ‌ണത്തിലേക്കുള്ള ആദ്യ വെടിപൊട്ടിച്ചത് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം. ഹരിയാന സ്വദേശി മനു ഭാക്കർ, തെലങ്കാന സ്വദേശിനി ഇഷ സിങ്, ഉത്തർപ്രദേശുകാരി റിഥം സാങ്‌വാൻ എന്നിവർ അതിലേക്കു പിസ്റ്റൾ പിടിച്ചു. 1759 പോയിന്റ് നേടിയ ഇന്ത്യൻ ടീം മറികടന്നത് ചൈനയെ. അതിനു തൊട്ടു മുൻപ് വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം നേടിയ വെള്ളിയായിരുന്നു ഇന്നലെ രാജ്യത്തിന്റെ ആദ്യ നേട്ടം. പഞ്ചാബിന്റെ സിഫ്റ്റ് കൗർ സംറ, ഭോപാൽ സ്വദേശിനി ആഷി ചോക്സി, ജയ്പുർ സ്വദേശിനി മാലിനി കൗശിക് എന്നിവരായിരുന്നു ടീമിൽ.

ടീം ഇനങ്ങളിൽ നിന്ന് വ്യക്തിഗത ഇനത്തിലേക്കു മത്സരച്ചൂടെത്തിയപ്പോഴും ഇന്ത്യ ആധിപത്യം കാട്ടി. റൈഫിൾ 3 പൊസിഷൻ വ്യക്തിഗത മത്സരത്തിൽ ഇരുപത്തിരണ്ടുകാരി സിഫ്റ്റ് കൗർ സംറ ലോക റെക്കോർഡ് മറികടന്ന പ്രകടനത്തോടെ സ്വർണം നേടിയപ്പോൾ (469.6 സ്കോർ) വെങ്കല മെഡലുമായി ആഷി ചോക്സിയും പോഡിയത്തിൽ സ്ഥാനമുറപ്പിച്ചു. ഇരുവരുടെയും ഗെയിംസിലെ രണ്ടാം മെഡൽ. 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സൂപ്പർതാരം മനു ഭാക്കർ നിരാശപ്പെടുത്തിയപ്പോൾ ഇഷ സിങ്ങിന്റെ വെള്ളി ഇന്ത്യയ്ക്ക് ആശ്വാസമായി.

mensmedel
ഷൂട്ടിങ് പുരുഷ ടീം സ്കീറ്റ് ഇനത്തിൽ വെങ്കലം നേടിയ ഗുർജോത് ഖംഗുര, അനന്ത്ജീത് സിങ് നാരുക, അംഗദ് വീർ സിങ് എന്നിവർ

 പുരുഷ ടീം സ്കീറ്റ് ഇനത്തിൽ ഗുർജോത് ഖംഗുര, അനന്ത്ജീത് സിങ് നാരുക, അംഗദ് വീർ സിങ് എന്നിവർ വെങ്കലം നേടിയപ്പോൾ ഈ ടീമിൽ അംഗമായിരുന്ന അനന്ത് ജീത് സിങ് വ്യക്തിഗത ഇനത്തിൽ വെള്ളിയും നേടി.  

സെയ്‌ലിങ്ങിൽ ഡിങ്കി വിഭാഗത്തിൽ വിഷ്ണു ശരവണൻ നേടിയ വെങ്കലം കൂടി ചേർന്നതോടെ  നാലാം ദിനം ഇന്ത്യൻ മെഡലുകളുടെ എണ്ണം എട്ടായി. ആകെ 5 സ്വർണമടക്കം 22 മെഡലുകൾ.

manini
മാനിനി കൗശിക്, വിഷ്ണു ശരവണൻ

 

ഇന്ത്യ ഇന്നലെ മെഡലുകൾ 

 

സ്വർണം

 

സിഫ്റ്റ് കൗർ സംറ

വനിത  50 മീറ്റർ റൈഫിൾ 

3 പൊസിഷൻ വ്യക്തിഗത ഇനം

മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ– 

വനിതകളുടെ 25 മീറ്റർ 

പിസ്റ്റൾ ടീം

 

വെള്ളി

 

സിഫ്റ്റ് കൗർ സംറ, ആഷി 

ചോക്സി, മാനിനി കൗശിക്– 

വനിതകളുടെ 50 മീറ്റർ റൈഫിൾ 

3 പൊസിഷൻ ടീം

 ഇഷ സിങ്– 25 മീറ്റർ പിസ്റ്റൾ 

വ്യക്തിഗത ഇനം

ആനന്ദ് ജീത് സിങ്– 

പുരുഷ സ്കീറ്റ് വ്യക്തിഗത ഇനം

 

വെങ്കലം

 

ആഷി ചോക്സി– വനിതകളുടെ 50 മീറ്റർ റൈഫിൾ 

3 പൊസിഷൻ വ്യക്തിഗത ഇനം

ഗുർജോത് ഖംഘോര, ആനന്ദ് ജീത് സിങ്, അങ്കാദ് വീർ സിങ്– പുരുഷ സ്കീറ്റ് ടീം ഇനം

വിഷ്ണു ശരവണൻ– സെയ്‌ലിങ് ഡിങ്കി വിഭാഗം

 

മെഡലുപ്പിച്ച് രാംകുമാർ– സാകേത് 

ഹാങ്ചോ∙ ടെന്നിസ് പുരുഷ ഡബിൾസ് സെമിയിൽ എത്തിയ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ– സാകേത് മയ്നനി സഖ്യം മെഡൽ ഉറപ്പിച്ചു. ക്വാർട്ടറിൽ ചൈനയുടെ ഷിഷെൻ ഷാങ്– യിബിങ് വു ജോടിയെ 6–1, 7–6നാണ് തോൽപിച്ചത്. മിക്സ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ ജോടി ക്വാർട്ടറിൽ കടന്നു. ജപ്പാന്റെ അയാനോ ഷിമിസു– ഷിൻജി ഹസാവ കൂട്ടുകെട്ടിനെ 6–3, 6–4നാണ് കീഴടക്കിയത്. അതേസമയം, യുകി ഭാംബ്രി– അങ്കിത റെയ്ന ജോടി  പുറത്തായി. 

 

മെഡൽ പട്ടിക  

 

(സ്ഥാനം, രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ എന്ന ക്രമത്തിൽ)

 

1. ചൈന                        76    43     21    140

2. ദ.കൊറിയ                 19     18    33    70

3. ജപ്പാൻ                        15      27    24   66

4. ഉസ്ബക്കിസ്ഥാൻ  6      10      12    28

5. തായ്‌ലൻഡ്               6      3     8     17

*7. ഇന്ത്യ                         5    7      10      22

English Summary: shoot & win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT