ADVERTISEMENT

കംപ്യൂട്ടറിനു ചുറ്റുമിരുന്ന് കുറച്ചുപേർ വിഡിയോ ഗെയിം കളിക്കുന്നു... ഇ–സ്പോർട്സ് മത്സരങ്ങളെക്കുറിച്ച് ഇങ്ങനെയൊരു ചിത്രവുമായാണ് ഹാങ്ചോയിലെ ഇ– സ്പോർട്സ് അരീനയിലേക്കു വന്നത്. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ കണ്ണഞ്ചിപ്പോയി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കുന്ന ഇൻഡോർ സ്റ്റേഡിയം പോലൊരു വേദി. അതിന്റെ ഒത്ത നടുവിലായി പ്രകാശവട്ടത്തിനു കീഴിൽ മൊബൈൽ ഫോണുമായി മത്സരാർഥികൾ. ചുറ്റുമുള്ള ഗാലറിയിലെ അരണ്ട വെളിച്ചത്തിൽ ആവേശഭരിതരായി കാണികൾ. കൂറ്റൻ സ്ക്രീനുകളിൽ തെളിയുന്ന മത്സരദൃശ്യങ്ങൾ... ഒരു ‘അവതാർ’ ലോകത്ത് എത്തിയതുപോലെ !.

ഫുട്ബോൾ, അത്‌ലറ്റിക്സ് വേദികളിൽ നിറയുന്ന ആരവങ്ങളും പോരാട്ടച്ചൂടും ഒട്ടും കുറയാതെ തന്നെ ഈ ഡിജിറ്റൽ ലോകത്തും കാണാനാകും. ഒരു ചാരുകസേരയിൽ ഇരിക്കുന്ന ലാഘവത്തോടെ ഇവിടെ ഗെയിം കളിക്കുന്നവർ, രാജ്യത്തിനുവേണ്ടി സ്വർണം നേടാനുള്ള വാശിയേറിയ പോരാട്ടത്തിലാണ്.

ഇ–സ്പോർട്സ് മത്സരങ്ങളുടെ ആഗോള ബ്രാൻഡ് അംബാസഡറാണ് ചൈന. തങ്ങൾ‌ ആതിഥ്യം വഹിക്കുന്ന മേളയിലൂടെ ഇ–സ്പോർട്സിനെ ഏഷ്യൻ ഗെയിംസ് വേദിയിൽ എത്തിക്കുന്നതിന് അവർ നടത്തിയ പരിശ്രമങ്ങൾ ചില്ലറയല്ല. അതിനു കാരണവുമുണ്ട്. ഇ–സ്പോർസിന്റെ ഏറ്റവും വലിയ വിപണി ചൈനയിലാണ്. ഇവിടെ 49 കോടി ആളുകൾ വിഡിയോ ഗെയിം കളിക്കാറുണ്ടെന്നും അതിൽ തന്നെ 38 ശതമാനം സ്ത്രീകളാണെന്നുമാണ് കണക്ക്. രാജ്യത്തെ 5 ലക്ഷത്തോളം പൗരൻമാരുടെ ഉപജീവനമാർഗവും ഇ–സ്പോർട്സിനെ ചുറ്റിപ്പറ്റിയാണ്. ഓരോ വർഷവും 62 പ്രധാന ഇ–സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കാറുള്ള ചൈന ഈ ഗെയിമിനുവേണ്ടി വാദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. അരീന ഓഫ് വാലർ ടീം ഗെയിമിലൂടെ ഇ–സ്പോർട്സിലെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ചൈന തങ്ങളുടെ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയതിന്റെ സന്തോഷത്തിലാണ്.

എങ്കിലും ഇ–സ്പോർട്സിന്റെ കാര്യത്തിൽ നമ്മുടെ മാതാപിതാക്കൾക്കുള്ള പേടി ചൈനയിലെ രക്ഷിതാക്കൾ‌ക്കുമുണ്ട്, കുട്ടികൾ വിഡിയോ ഗെയിമിന് അടിമകളാകുമോ എന്നതാണ് അവരുടെ ആശങ്ക. അതുകൊണ്ട് ഏഷ്യൻ ഗെയിംസിനിടെ രാജ്യത്ത് ഒരു നിയമം ഏർപ്പെടുത്തി. സെമിഫൈനലിനു മുൻപുള്ള ഇ–സ്പോർട്സ് മത്സരങ്ങളൊന്നും സംപ്രേഷണം ചെയ്യില്ല. കുട്ടികൾ വ്യാപകമായി വിഡിയോ ഗെയിമുകളുടെ പിന്നാലെ പോകാതിരിക്കാനുള്ള ചെറിയൊരു മുൻകരുതൽ.

ഗെയിമുകൾക്ക് അഡിക്ടാവുന്ന പുതുതലമുറ ചൈനയ്ക്ക് എന്നും ആശങ്കയാണ്. വിഡിയോ ഗെയിം, സ്മാർട്ട് ഫോൺ പ്രശ്നങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാൻ ഡിഅഡിക്‌ഷൻ സെന്ററുകൾ വരെയുണ്ട് ഇവിടെ. ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഈ രാജ്യത്തെ ജനങ്ങൾ‌ ഒരു ദിവസം ശരാശരി 7.5 മണിക്കൂർ ഫോണിൽ ചെലവിടുന്നുവെന്നാണ് കണക്ക്. 

തുടർച്ചയായി 20 മണിക്കൂറിലേറെ ഓൺലൈൻ ഗെയിം കളിച്ച് വിദ്യാർഥികൾ മരിച്ച സംഭവം വരെയുണ്ട്. അതിനുശേഷമാണ് കുട്ടികളുടെ സ്മാർട് ഫോൺ ഉപയോഗവും വിഡിയോ ഗെയിമും നിയന്ത്രിക്കാൻ ചൈന നിയമങ്ങൾ‌ കൊണ്ടുവന്നത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രമേ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. 8 വയസ്സിൽ താഴെയുള്ളവർക്ക് അത് 40 മിനിറ്റാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളെ മൊബൈലിലെ വിഡിയോ കാണിക്കുന്നതുപോലും ഇവിടെ നിയമലംഘനമാണ്.

English Summary: China' s support for E Sports in Asian Games

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com