ഇതാ ഇന്ത്യയുടെ ‘സൂപ്പർ മാൻ’
Mail This Article
ഏറെ നാളത്തെ വിദേശവാസത്തിനുശേഷം വീട്ടുകാർക്ക് അരികിലെത്തിയ പ്രവാസിയുടെ സന്തോഷമാണ് നീരജ് ചോപ്രയുടെ മുഖത്ത്. ഹാങ്ചോ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ഗാലറിയിൽ ആദ്യദിനത്തിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ കാണുകയായിരുന്നു ഒളിംപിക്സ് ചാംപ്യൻ. പരിശീലനം ഒഴിവാക്കി മത്സരം കാണാൻ നീരജ് എത്തിയതോടെ ഗാലറി ഒരു ഇന്ത്യൻ കൂട്ടായ്മയായി മാറി. കളിയും ചിരിയമൊക്കെയായി അത്‌ലീറ്റുകളോട് പരിചയം പുതുക്കിയും ആദ്യമായി കാണുന്ന പുതുമുഖങ്ങളെ പ്രോത്സാഹിപ്പിച്ചും നീരജ് ഗാലറിയുടെ താരമായി. റെക്കോർഡുകൾ ഭേദിക്കാൻ കഴിവുള്ള ജാവലിനാണ് കയ്യിലുള്ളതെങ്കിലും നീരജ് വളരെ സിംപിളാണെന്നു തെളിയിക്കുന്നതായിരുന്നു ആ ഗാലറിക്കാഴ്ച.
2021ലെ ഒളിംപിക്സിന് മുൻപാണ് നീരജ് ഇന്ത്യയിൽ അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. ഒളിംപിക്സിനുശേഷം യൂറോപ്യൻ രാജ്യങ്ങളിലേക്കു പരിശീലന താവളം മാറ്റിയ നീരജ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്.
ഏഷ്യൻ ഗെയിംസ് വില്ലേജിലെ സൂപ്പർസ്റ്റാറാണ് നീരജ്. എപ്പോൾ പുറത്തിറങ്ങിയാലും സെൽഫിയെടുക്കാൻ താരങ്ങളുടെ തിരക്ക്. ഇത് പരിശീലനത്തിനും തടസ്സമായി. മറ്റു കായിക താരങ്ങളെല്ലാം ഒന്നിക്കുന്ന പരിശീലന വേദിയൊഴിവാക്കി ഹാങ്ചോയിലെ ഒരു കോളജ് ഗ്രൗണ്ടിലേക്കു പരിശീലനം മാറ്റിയത് ഇക്കാരണത്താലാണ്.
ഒരു വലിയ ലക്ഷ്യവും അതിനപ്പുറം ഒരു സന്തോഷവും ഇപ്പോൾ നീരജിനെ കാത്തിരിപ്പുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തി രാജ്യത്തിന്റെ യശസ്സുയർത്തുകയെന്നതാണ് ലക്ഷ്യം. അതു യാഥാർഥ്യമാക്കി കഴിഞ്ഞാൽ നീരജ് നേരെയെത്തുക ഹരിയാനയിലെ സ്വന്തം വീട്ടിലേക്കാണ്. മത്സരങ്ങളുടെ മാരത്തൺ കാലത്തിനുശേഷം വീട്ടുകാർക്കൊപ്പം 20 ദിവസത്തെ ഒരു അവധിയാഘോഷം.
English Summary : Neeraj Chopra in Asian games gallery