ADVERTISEMENT

ഹാങ്ചോ ∙ ആൾക്ഷാമത്തിലും മെഡ‍ൽവരൾച്ചയിലും തപിച്ചിരുന്ന ഇന്ത്യൻ ക്യാംപിലേക്ക് ഒടുവിൽ ഇരട്ട മെഡലിന്റെ സന്തോഷം. പുരുഷൻമാരുടെ 10,000 മീറ്ററിൽ വെള്ളി നേടിയ കാർ‌ത്തിക് കുമാറിന്റെയും വെങ്കലം നേടിയ ഗുൽവീർ സിങ്ങിന്റെയും അപ്രതീക്ഷിത കുതിപ്പാണ് അത്‌ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാംദിനത്തിൽ ആശ്വാസമായത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ബഹ്റൈൻ താരം ബിർഹാനു യെമത്തേവിനാണ് സ്വർണം. പുരുഷ, വനിതാ 400 മീറ്റർ ഫൈനലുകളിൽ മെഡൽ നഷ്ടമായ ഇന്ത്യയ്ക്ക് ഇന്നലെ നടന്ന 100 മീറ്റർ, പുരുഷ പോൾവോൾട്ട്, ഹാമർത്രോ ഇനങ്ങളിൽ പ്രാതിനിധ്യവുമുണ്ടായിരുന്നില്ല.

10000 മീറ്റർ പുരുഷ ഫൈനലിൽ‌ മത്സരിച്ച ജപ്പാൻ, സൗദി, ബഹ്റൈൻ താരങ്ങൾ സീസണിലെ പ്രകടനത്തിൽ ഇന്ത്യക്കാരേക്കാൾ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ മെഡലുറപ്പ് ഇല്ലാതെയാണ് ഇന്ത്യൻ ക്യാംപ് മത്സരം കണ്ടത്. തുടക്കത്തിൽ വലിയ ലീഡെടുത്തു പാഞ്ഞ കാർത്തിക്കിന് 3 ലാപ്പുകൾക്കു ശേഷം അത് നഷ്ടമായി. തുടർന്ന് അവസാന ലാപ് വരെ 5,6 സ്ഥാനങ്ങളിലായിരുന്നു കാർത്തികും ഗുൽവീറും. മെഡലിലേക്കു തൊട്ടുരുമ്മിയോടി എതിരാളികളെയെല്ലാം കടത്തിവെട്ടി ഇന്ത്യൻ താരങ്ങൾ മുന്നിലെത്തിയത് അവസാന 100 മീറ്ററിലാണ്. ബഹ്റൈൻ താരത്തിനു പിന്നിലായി ഫിനിഷ് ലൈൻ തൊടുമ്പോൾ കാർത്തികും (28.15.38 മിനിറ്റ്) ഗുൽവീറും (28.17.21 മിനിറ്റ്) കരിയറിലെ ഏറ്റവും മികച്ച സമയവും കുറിച്ചിരുന്നു. 

അജ്മൽ അഞ്ചാമത്

10,000 മീറ്ററിലും പുരുഷ, വനിതാ 400 മീറ്ററുകളിലുമാണ് ഇന്ത്യ ഇന്നലെ ഫൈനലിൽ മത്സരിച്ചത്. പുരുഷ 400 മീറ്റർ ഫൈനലിൽ മലയാളി താരം വി. മുഹമ്മദ് അജ്‌മൽ അഞ്ചാം സ്ഥാനത്തായപ്പോൾ വനിതകളിൽ ഐശ്വര്യ മിശ്ര നാലാമതെത്തി. 

ശ്രീശങ്കറിന് ഇന്നു ഫൈനൽ 

പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കറും ദേശീയ റെക്കോർഡ് ജേതാവ് ജെസ്വിൻ ആൽഡ്രിനും ഫൈനലിലേക്കു മുന്നേറി. യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ (7.97 മീറ്റർ) ആറാമനായാണ് ജെസ്വിന്റെ ഫൈനൽ പ്രവേശം. ഇന്നാണ് ഫൈനൽ. പുരുഷ 1500 മീറ്ററിൽ നിലവിലെ ചാംപ്യൻ ജിൻസൻ ജോൺസനും ദേശീയ റെക്കോർഡ് ജേതാവ് അജയ്കുമാർ സരോജും ഫൈനലിലെത്തി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ചാംപ്യൻ ജ്യോതി യാരാജി, നിത്യ രാംരാജ് എന്നിവരും ഫൈനൽ യോഗ്യത നേടി.

അത്‌ലറ്റിക്സിൽ ഇന്ത്യ ഇന്ന്

രാവിലെ 7.10: വനിതാ 200 മീറ്റർ ഹീറ്റ്സ് 

(ജ്യോതി യാരാജി)

പുരുഷ 200 മീറ്റർ ഹീറ്റ്സ് 

(അംലാൻ ബോർഗോഹെയ്ൻ)

വൈകിട്ട് 4.30: പുരുഷ ഷോട്പുട് ഫൈനൽ

(തേജീന്ദർപാൽ സിങ് ടൂർ, സാഹിബ് സിങ്)

4.40: പുരുഷ ലോങ്ജംപ് ഫൈനൽ

(എം.ശ്രീശങ്കർ, ജെസ്വിൻ ആൽഡ്രിൻ)

4.45: പുരുഷ സ്റ്റീപിൾചേസ് ഫൈനൽ

(അവിനാഷ് സാബ്‌ലെ)

5.35: വനിതാ ഡിസ്കസ്ത്രോ ഫൈനൽ

(സീമ പുനിയ)

6.00: വനിതാ 1500 മീറ്റർ ഫൈനൽ

(ഹർമിലാൻ ബെയ്ൻസ്, ദീക്ഷ കുമാരി)

English Summary : India got silver and bronze medal in Asian Games 10000 meter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com