അടിമുടി അത്‌ലറ്റിക്സ്

Mail This Article
ചൈന നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന സിയാച്ചിൻ അതിർത്തിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള സൈനികനാണ് അവിനാഷ് സാബ്‌ലെ. അതിർത്തി കടന്ന് ചൈനയിലെത്തിയ ആ സൈനികൻ ഇന്നലെ ഏഷ്യൻ അത്‌ലറ്റിക്സിൽ ഇന്ത്യൻ സ്വർണവേട്ടയ്ക്കു തുടക്കമിട്ടു. അത്‌ലറ്റിക്സ് പോഡിയത്തിൽ ഇന്നലെ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയതു 2 തവണ. ഇന്ത്യൻ കായിക കരുത്തിന്റെ വിളംബരമെന്നപോലെ ത്രിവർണ പതാക 9 തവണയും ഹാങ്ചോയിലെ സ്റ്റേഡിയത്തിലുയർന്നു. 2 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമായി അത്‌ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ താരങ്ങൾ നടത്തിയത് അത്യുജ്വല പ്രകടനം. ഇന്നലെ മത്സരിച്ച എല്ലാ ഇനങ്ങളിലും ഇന്ത്യ മെഡലുറപ്പാക്കി.

പുരുഷ ഷോട്പുട്ടിൽ പഞ്ചാബ് സ്വദേശി തേജീന്ദർപാൽ സിങ്ങാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കറും 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൻ ജോൺസനും മെഡലിൽ മലയാളി മുദ്ര പതിപ്പിച്ചു. അജയ്കുമാർ സരോജ് (പുരുഷ 1500 മീറ്റർ), ഹർമിലൻ ബെയൻസ് (വനിതാ 1500 മീ), ജ്യോതി യാരാജി (വനിതാ 100മീ.ഹർഡിൽസ്), എന്നിവരും വെള്ളി മെഡൽ നേടിയപ്പോൾ സീമ പുനിയ (വനിതാ ഡിസ്കസ്ത്രോ),നന്ദിനി അഗ്സരാ (ഹെപ്റ്റാത്‌ലൺ) എന്നിവർ വെങ്കല മെഡൽ ജേതാക്കളുമായി.


ഇന്ത്യയുടെ മെഡലുകൾ ഇന്നലെ
സ്വർണം
ട്രാപ്പ് ഷൂട്ടിങ് പുരുഷ ടീം
അവിനാശ് സാബ്‌ലെ (പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്)
തേജീന്ദർപാൽ സിങ് ടൂർ (പുരുഷ ഷോട്പുട്)
വെള്ളി
ട്രാപ്പ് ഷൂട്ടിങ് വനിതാ ടീം
ബാഡ്മിന്റൻ പുരുഷ ടീം
എം.ശ്രീശങ്കർ (പുരുഷ ലോങ്ജംപ്)
അദിതി അശോക് (വനിതാ ഗോൾഫ്)
അജയ് കുമാർ സരോജ് (പുരുഷ 1500 മീറ്റർ)
ജ്യോതി യാരാജി (വനിതാ 100 മീറ്റർ ഹർഡിൽസ്)
ഹർമിലൻ ബെയ്ൻസ് (വനിതാ 1500 മീറ്റർ)
വെങ്കലം
ക്യാനൻ ചേനായി (പുരുഷ ട്രാപ്പ് ഷൂട്ടിങ്)
ജിൻസൻ ജോൺസൻ (പുരുഷ 1500 മീറ്റർ)
നിഖാത് സരീൻ (വനിതാ ബോക്സിങ് 50 കിലോഗ്രാം)
സീമ പുനിയ (വനിതാ ഡിസ്കസ് ത്രോ)
നന്ദിനി അഗസര (വനിതാ ഹെപ്റ്റാത്‌ലൻ)
English Summary: India secured medals in all the events contested