ADVERTISEMENT

ഹാങ്ചോ ∙ പരുക്കേറ്റ എച്ച്.എസ് പ്രണോയിയുടെ അസാന്നിധ്യം തിരിച്ചടിയായതോടെ പുരുഷ ടീം ബാഡ്മിന്റൻ ഫൈനലിൽ ചൈനയോടു പൊരുതിത്തോറ്റ ഇന്ത്യയ്ക്കു വെള്ളി. പരുക്കും പുറംവേദനയും മൂലം ലോക 7–ാം നമ്പർ താരം പ്രണോയിക്കു കളിക്കാനാവാതെ പോയതാണ് ഇന്ത്യയെ വലച്ചത്. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെന്നും ആദ്യ ഡബിൾസിൽ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യവും ജയം കണ്ടു. എന്നാൽ സിംഗിൾസ് മത്സരങ്ങളിൽ കിഡംബി ശ്രീകാന്ത്, മിഥുൻ മഞ്ജുനാഥ് എന്നിവരും ഡബിൾസിൽ ധ്രുവ് കപില–സായ്പ്രതീക് സഖ്യവും പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് തോൽവി (3–2).

ആദ്യ സിംഗിൾസിൽ പൊരുതി ജയിച്ച ലക്ഷ്യ ഇന്ത്യയ്ക്ക് ആവേശത്തുടക്കമാണ് നൽകിയത് (22–20,14–21,21–18). ലോക രണ്ടാം നമ്പർ സഖ്യമായ ലിയാങ് വെയ് കെങ്–വാങ് ചാങ് എന്നിവരെ നേരിട്ടുള്ള ഗെയിമുകൾക്കു വീഴ്ത്തി (21–15,21–8) സാത്വിക്–ചിരാഗ് സഖ്യം സ്വർണപ്രതീക്ഷ വർധിപ്പിച്ചു. 

എന്നാൽ ശ്രീകാന്തിനെ ഓൾ ഇംഗ്ലണ്ട് ലി ഷിഫെങ് വീഴ്ത്തിയതോടെ (24–22, 21–9) ചൈന തിരിച്ചു വന്നു. ആദ്യ ഗെയിമിൽ 18–14നു മുന്നിൽ നിന്ന ശേഷമാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ധ്രുവ് കപില–സായ് പ്രതീക് സഖ്യവും ചെറുത്തുനിൽപില്ലാതെ കീഴടങ്ങിയതോടെ (21–6,21–15) ചൈന 2–2ന് ഒപ്പമെത്തി. നിർണായക സിംഗിൾസ് മത്സരത്തിൽ  വെങ് ഹോങ് യാങ്ങിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മിഥുന്റെ തോൽവി (21–12,21–4).

English Summary: Silver for India in Badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com