കൗതുകങ്ങൾ തീരുന്നില്ല; ഗെയിംസ് വില്ലേജിൽ കോലിയുടെ ചിത്രം വരയ്ക്കുന്ന റോബട്ട് – വിഡിയോ

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് നടക്കുന്ന ഹാങ്ചോയിലെ ഗെയിംസ് വില്ലേജിൽ എത്തുന്നവരെ കാത്തിരിക്കുന്നത് കായിക മാമാങ്കത്തിനൊപ്പം നിരവധി കൗതുകങ്ങൾ കൂടിയാണ്. ഉദ്ഘാടന ചടങ്ങു മുതൽ ചൈനയുടെ സാങ്കേതിക രംഗത്തെ മികവ് പ്രകടമാക്കുന്ന നിരവധി കാഴ്ചകൾ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നവയായിരുന്നു. അത്തരത്തിൽ മറ്റൊരു കാഴ്ചയാണ് ചിത്രം വരയ്ക്കുന്ന റോബട്ടിന്റേതും. ഭാവിയിൽ രേഖാചിത്രം വരയ്ക്കുന്ന ആളുകളുടെ പോലും പണി നഷ്ടപ്പെടാൻ സാധ്യതയുള്ള തരത്തിലാണ് റോബട്ടിന്റെ വരയെന്നത് ശ്രദ്ധേയമാണ്.
സാധാരണ ഗതിയിൽ സ്കാൻ ചെയ്ത ഫോട്ടോ, സ്കെച്ച് ആക്കി മാറ്റുന്ന ആപ്ലിക്കേഷനുകളാണ് നാം കണ്ടു പരിചയിച്ചിട്ടുള്ളത്. എന്നാൽ കൈയിൽ പേനയുമായി പറയുന്ന ആളുടെ ചിത്രം വരച്ചു നൽകിയാൽ എങ്ങനെയിരിക്കും. ക്രിക്കറ്റ് അത്ര പരിചിതമല്ലാത്ത ചൈനയിൽ, വളരെ കൃത്യതയോടെ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോലിയുടെ ചിത്രം റോബട്ട് വരയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അതിനിടെ, സീനിയർ താരങ്ങളില്ലാതെ ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നു നടന്ന മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച് സെമി ഫൈനൽ ഉറപ്പിച്ചു.
English Summary: Robot Drawing Virat Kohli's Image at Asian Games Venue