അസാധ്യം ആൻസി! വനിതാ ലോങ്ജംപിൽ വെള്ളി

Mail This Article
വാശിയാണ് ആൻസിയുടെ മെയിൻ. മത്സരക്കടുപ്പം കൂടുമ്പോൾ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തുവരും. തൃശൂരിലെ തീരദേശ ഗ്രാമമായ നാട്ടികയിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ അത്തരമൊരു അസാമാന്യ പ്രകടനമാണ് തിങ്കളാഴ്ച രാത്രി ഹാങ്ചോവിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററിൽ കണ്ടത്. തന്റെ മികച്ച വ്യക്തിഗത പ്രകടനത്തിൽ 7 സെന്റിമീറ്ററിന്റെ വളർച്ചയുമായി കേരളത്തിന്റെ അഭിമാനതാരം ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ജംപിൽ ഇന്ത്യയുടെ വെള്ളി നക്ഷത്രമായി (6.63 മീറ്റർ)
സ്കൂൾ മീറ്റുകളിൽ കേരളത്തിന്റെ മിന്നുംതാരമായിരുന്ന ആൻസിയുടെ കുതിപ്പുകളെല്ലാം ഇതുവരെ നിറഞ്ഞ കയ്യടികളുടെ അകമ്പടിയോടെയായിരുന്നെങ്കിൽ ഹാങ്ചോയിൽ മത്സരത്തിന്റെ തുടക്കത്തിൽ ഗാലറി എതിരായിരുന്നു. അതേയിനത്തിൽ മത്സരിച്ച 2 ചൈനീസ് താരങ്ങൾക്കുവേണ്ടിയാണ് അവർ ആർപ്പുവിളിച്ചത്. ആൻസിയുടെ പരിശീലകൻ അനൂപ് ജോസഫ് ചൈനയിലെത്തിയിരുന്നില്ല. കാണികളുടെ ആരവങ്ങളിലൂടെ പറന്നിറങ്ങിയ ചൈനീസ് താരം ചിയോങ് ഷുഖി 6.73 മീറ്ററിന്റെ ആദ്യ ചാട്ടത്തിൽ എതിരാളികളെയെല്ലാം അമ്പരപ്പിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ആൻസിയെ തളർത്തിയില്ല. 6.49, 6.56 എന്നിങ്ങനെ ഓരോ ശ്രമത്തിലും ആൻസി കരുത്തുകാട്ടി.
ജൂലൈയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 3 സെന്റിമീറ്റർ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായതിന്റെ നിരാശയും തീർത്താണ് ആൻസി സോജൻ തിങ്കളാഴ്ച ജംപിങ് പിറ്റിൽ നിന്നു മടങ്ങിയത്. അടുത്ത ലക്ഷ്യമെന്തെന്ന് ചോദ്യത്തിനും ഉടൻ മറുപടി കിട്ടി. പാരിസ് ഒളിംപിക്സിൽ പങ്കെടുക്കണം. 7 മീറ്റർ പിന്നിടണം.
English Summary : Ansi Sojan won silver medal in long jump