വെള്ളിത്തിളക്കത്തിൽ കേരളം, ഇന്ത്യയ്ക്ക് 2 സ്വർണം കൂടി

Mail This Article
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിനു വെള്ളിമെഡൽ തിളക്കം. വനിതകളുടെ ഹൈജംപിൽ ആൻസി സോജനും പുരുഷൻമാരുടെ 800 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് അഫ്സലും വെള്ളി നേടി. 4x400 മീറ്റർ മിക്സ്ഡ് റിലേയിൽ വെള്ളി നേടിയ ടീമിലെ മുഹമ്മദ് അജ്മലും കേരളത്തിന് അഭിമാനമായി.

വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൽ ചൗധരിയും ജാവലിൻ ത്രോയിൽ അന്നു റാണിയും നേടിയവയാണ് കഴിഞ്ഞ 2 ദിവസത്തിനിടെ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയ സ്വർണമെഡലുകൾ. 15 സ്വർണവും 26 വെള്ളിയും 28 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്തു തുടരുന്നു.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളിയും നേടിയതോടെ ഉത്തർപ്രദേശുകാരി പാരുൽ ചൗധരിക്ക് ഇരട്ടമെഡൽ നേട്ടമായി. പുരുഷ ഡെക്കാത്‌ലനിൽ തേജസ്വിൻ ശങ്കറും വെള്ളി നേടി. റോളർ സ്പോർട്സിലെ സ്പീഡ് സ്കേറ്റിങ് 3000 മീറ്റർ റിലേയിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ വെങ്കലം നേടി.
സുദിർഥ മുഖർജി–ഐഹിക മുഖർജി (ടേബിൾ ടെന്നിസ് വനിതാ ഡബിൾസ്), പ്രീതി ലാംബ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), അർജുൻ സിങ്–സുനിൽ സിങ് സലാം (കനോയിങ്), പ്രീതി പവാർ (വനിതാ ബോക്സിങ്), വിദ്യ രാംരാജ് (വനിതാ 400 മീറ്റർ ഹർഡിൽസ്), പ്രവീൺ ചിത്രവേൽ (പുരുഷ ട്രിപ്പിൾ ജംപ്), നരീന്ദർ ബെർവാൾ (പുരുഷ ബോക്സിങ്) എന്നിവരാണ് മറ്റു വെങ്കല ജേതാക്കൾ.
English Summary: Asian Games Athletics Updates 2023