പുരുഷ ഹോക്കിയിൽ ഇന്ന് ഇന്ത്യ– കൊറിയ സെമി

Mail This Article
ഹാങ്ചോ∙ പൂൾ മത്സരങ്ങളിൽ 58 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് ദക്ഷിണ കൊറിയയ്ക്കെതിരെ സെമി പോരാട്ടത്തിന് ഇറങ്ങുന്നു. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. ലോക മൂന്നാം നമ്പർ ടീമായ ഇന്ത്യ പ്രാഥമിക മത്സരങ്ങളിൽ 5 ഗോളുകൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീം ഉസ്ബെക്കിസ്ഥാനെ 16–0നും സിംഗപ്പൂരിനെ 16–1നും നിലവിലുള്ള ചാംപ്യൻമാരായ ജപ്പാനെ 4–2നും ചിരവൈരികളായ പാക്കിസ്ഥാനെ 10–2നും ബംഗ്ലദേശിനെ 12–0നുമാണ് പ്രാഥമിക മത്സരങ്ങളിൽ തകർത്തത്. ഏഷ്യൻ ഗെയിംസ് സ്വർണം നേടിയാൽ പാരിസ് ഒളിംപിംക്സിനു യോഗ്യത ഉറപ്പായതിനാൽ ഒന്നാം സ്ഥാനം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.
അതേസമയം, പൂൾ മത്സരങ്ങളിലെ അനായാസ വിജയങ്ങൾ അമിത ആത്മവിശ്വാസത്തിനു വഴിമാറാതിരിക്കാനുള്ള ശ്രമവും ടീമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. 2018 ഏഷ്യൻ ഗെയിംസിൽ സമാന പ്രകടനങ്ങളിലൂടെ സെമിയിൽ എത്തിയ ശേഷം ഇന്ത്യ പരാജയപ്പെട്ടിരുന്നു.
മത്സരം നിശ്ചിതസമയത്ത് 2–2ന് അവസാനിച്ചതിനെത്തുടർന്നുള്ള ഷൂട്ടോഫിൽ 6–7ന് മലേഷ്യയ്ക്കെതിരെയായിരുന്നു പരാജയം. 2014 ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.
കൊറിയ അവസാനം സ്വർണമെഡൽ നേടിയത് 2006ലെ ദോഹ ഗെയിംസിലാണ്.
English Summary : India vs Korea semi final today in Men's Hockey