അജ്‌മൽ ദ് ബെസ്റ്റ്, മിക്സ്ഡ് റിലേ ടീം ഇനത്തിൽ വെള്ളി

Mail This Article
ഹാങ്ചൗ ∙ മിക്സ്ഡ് റിലേയിൽ വെള്ളി നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യ സംഘബലം കാട്ടിയപ്പോൾ നിർണായകമായത് മലയാളി താരം വി.മുഹമ്മദ് അജ്‌മലിന്റെ മിന്നൽ കുതിപ്പ്. റിലേയിൽ ഇന്ത്യയ്ക്കായി ആദ്യ ലാപ്പിൽ ഓടിയ അജ്‌മൽ 43.14 സെക്കൻഡിലാണ് 400 മീറ്റർ പൂർത്തിയാക്കി ബാറ്റൺ കൈമാറിയത്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പ്രകടനവും അജ്‌മലിന്റേതായിരുന്നു.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ 3.14.34 മിനിറ്റിൽ ഫിനിഷ് ചെയ്ത ഇന്ത്യൻ ടീം ദേശീയ റെക്കോർഡും കുറിച്ച് മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ ലൈൻ തെറ്റിയോടിയെന്ന കാരണത്താൽ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്ക അയോഗ്യരായതോടെ ഇന്ത്യയുടെ വെങ്കലം വെള്ളിയായി മാറി. ശുഭ വെങ്കിടേഷ്, വിദ്യ രാംരാജ്, രാജേഷ് രമേഷ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ അജ്‌മലിന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. കഴിഞ്ഞദിവസം 400 മീറ്ററിൽ അഞ്ചാംസ്ഥാനത്തായിരുന്നു. പുരുഷൻമാരുടെ 4–400 റിലേയിലും അജ്‌മലിന് ഇനി മത്സരം ബാക്കിയുണ്ട്. നിലവിലെ ഏഷ്യൻ റെക്കോർഡ് ജേതാക്കളായ ഈ ടീം ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയാണ്.
English Summary : Mohammad Ajmal got silver medal in mixed relay