2 സ്വർണമടക്കം അത്‌ലറ്റിക്സിൽ 6 മെഡൽ കൂടി; ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 69

Mail This Article
വെള്ളി മെഡൽ കണ്ടു കൊതി തീർന്ന പാരുൽ ചൗധരിയുടെ മനസ്സായിരുന്നു ഇന്ത്യൻ സംഘത്തിനും. 2 ദിവസമായി കണ്ട വെള്ളി, വെങ്കല മെഡലുകൾക്കൊപ്പം സ്വർണം കൂടി കാണാനുള്ള ആഗ്രഹം സഫലമായി. വനിതകളുടെ 5000 മീറ്ററിൽ അവസാന നിമിഷത്തെ അവിശ്വസനീയ കുതിപ്പിലൂടെ ഉത്തർപ്രദേശുകാരി പാരുൽ ചൗധരി കൊതിപ്പിക്കുന്ന സ്വർണം ഇന്ത്യൻ ക്യാംപിലെത്തിച്ചു. സ്റ്റീപ്പിൾ ചേസിൽ വെള്ളി മെഡൽ ജേതാവായ പാരുലിന്റെ രണ്ടാം മെഡലാണ് ഇത്. പത്താംദിനം അവസാനിക്കുന്നതിന് തൊട്ടുമുൻപ് വനിതകളുടെ ജാവലിൻത്രോയിൽ അന്നു റാണിയിലൂടെ രാജ്യം സ്വർണ സന്തോഷം ഇരട്ടിപ്പിച്ചു.
ട്രാക്കിൽ വീറോടെ കുതിക്കുന്ന അത്‌ലറ്റിക്സ് താരങ്ങളുടെ കരുത്തിൽ ഏഷ്യൻ ഗെയിംസിൽ 100 മെഡലെന്ന സ്വപ്നത്തിലേക്കു കുതിക്കുകയാണ് ടീം ഇന്ത്യ. ഇന്നലെ 9 മെഡലുകൾ കൂടി ചേർന്നതോടെ ഇന്ത്യയുടെ ആകെ നേട്ടം 69 ആയി. കഴിഞ്ഞ ഗെയിംസിലെ മെഡൽ നേട്ടത്തേക്കാൾ ഒന്നുമാത്രം കുറവ്. ഇന്നലെ നേടിയ മെഡലുകളിൽ ആറും അത്‌ലറ്റിക്സിൽ നിന്നാണ്. ഇതോടെ അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 22 ആയി. 2018 ഗെയിംസിൽ 20 മെഡലുകളാണ് അത്‌ലറ്റിക്സിൽ ആകെ നേടാനായത്. കനോയിങ്ങിൽ പുരുഷ 1000 മീറ്റർ സ്പ്രിന്റ് ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ അർജുൻ സിങ്– സുനിൽ സിങ് സഖ്യവും ഇന്നലെ വെങ്കലം നേടി.
കന്നി സ്വർണം
5000 മീറ്ററിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പാരുൽ ചൗധരി. അവസാന 100 മീറ്റർ സ്പ്രിന്റ് വേഗത്തിൽ കുതിച്ച പാരുൽ ഏറെ മുന്നിലോടിയിരുന്ന ജപ്പാൻ താരം റിക ഹിരോനകയെ മറികടക്കുകയായിരുന്നു. വനിതാ ജാവലിൻ ത്രോയിലും ഇന്ത്യയുടെ ആദ്യ മെഡലാണ് ഉത്തർപ്രദേശുകാരി അന്നു റാണി നേടിയത് (62.92 മീറ്റർ).
തേജസ്വിനു വെള്ളി
ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കറും 800 മീറ്ററിൽ മലയാളി താരം പി.മുഹമ്മദ് അഫ്സലുമാണ് ഇന്ത്യയുടെ മറ്റു വെള്ളി മെഡൽ ജേതാക്കൾ. വനിതകളുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ പി.ടി.ഉഷയുടെ ദേശീയ റെക്കോർഡിനൊപ്പമെത്തി വിസ്മയിപ്പിച്ച (55.42 മീറ്റർ) കോയമ്പത്തൂർ സ്വദേശിനി വിദ്യ രാംരാജ് ഫൈനലിൽ വെങ്കലം നേടി (55.68 സെക്കൻഡ‍്).
പുരുഷ ട്രിപ്പിൾ ജംപിൽ ദേശീയ റെക്കോർഡ് ജേതാവായ പ്രവീൺ ചിത്രവേൽ വെങ്കലം നേടിയപ്പോൾ (16.63 മീറ്റർ) മലയാളി താരം അബ്ദുല്ല അബൂബക്കർ (16.62 മീറ്റർ) ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ നാലാമതായി. ബോക്സിങ്ങിൽ പുരുഷ വിഭാഗത്തിൽ നരേന്ദർ ബെർവലും (92 കിലോഗ്രാം) വനിതാ വിഭാഗത്തിൽ പ്രീതി പവാറും (54 കിലോഗ്രാം) വെങ്കലം നേടി.
English Summary : Six more medals in athletics including two gold