അമ്പെയ്ത്തിൽ പുരുഷ ടീമിനും സ്വർണം, ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീമിനും സ്വർണം. കോമ്പൗണ്ട് ടീം ഇനത്തിൽ അഭിഷേക്, ഓജസ്, പ്രത്മേഷ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം കരുത്തരായ ദക്ഷിണകൊറിയയെയാണു കീഴടക്കിയത്. ഗെയിംസിൽ ഇന്ത്യയുടെ 21–ാം സ്വർണമാണിത്. ഇന്ത്യൻ വനിതാ താരങ്ങളായ ജ്യോതി, അദിതി, പര്‍നീത് എന്നിവരും വ്യാഴാഴ്ച സ്വർണം നേടിയിരുന്നു. ചൈനീസ് തായ്പേയിയെ 230–228 നാണ് ഇന്ത്യൻ സംഘം തോൽപിച്ചത്.
മിക്സഡ് ഡബിൾസ് സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദർ പാൽ സിങും സ്വർണം നേടി. ഫൈനലിൽ രണ്ടാം സീഡായ മലേഷ്യൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങള്‍ 2–0ന് കീഴടക്കിയത്. ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയും മെഡലുറപ്പിച്ചു. ക്വാർട്ടറിൽ മലേഷ്യൻ താരം ലീ സി ജിയാനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ തോൽപിച്ച് പ്രണോയ് സെമിയിൽ കടന്നു. സ്കോർ– 21–16, 21–23,22–20. ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റൻ സിംഗിൾസിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രണോയ്.
ഗുസ്തിയിൽ ആന്റിം പംഗലിന് വെങ്കലം. മംഗോളിയയുടെ ബാറ്റ് ഒചിർ ബൊലുർതുയയെ 3–1ന് തകർത്താണ് ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. പുരുഷ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. 2006 മുതൽ എല്ലാ ഏഷ്യൻ ഗെയിംസിലും സ്ക്വാഷ് സിംഗിൾസിൽ മെഡൽ നേടുന്ന താരമായി സൗരവ്. 37 വയസ്സുകാരനായ സൗരവ് 2006 ദോഹ ഗെയിംസിൽ വെങ്കലം നേടിയിരുന്നു. 2010 ൽ വെങ്കലം, 2014ൽ വെള്ളി, 2018ൽ വെങ്കല മെഡലുകളും നേടി.
English Summary: Asian Games Live Updates 2023