ഏഷ്യൻ ഗെയിംസിൽ 18 സ്വർണം, 31 വെള്ളി, 32 വെങ്കലം
Mail This Article
ഏഷ്യൻ ഗെയിംസിലെ സർവകാല റെക്കോർഡിലേക്ക് ഇന്ത്യ ഓടിക്കയറി. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമായി ആകെ 81 മെഡലുകളാണ് ഇന്ത്യ ഇന്നലെ വരെ സ്വന്തമാക്കിയത്. ഒരു ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണിത്. കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 70 മെഡലുകൾ നേടിയതാണ് മുൻ റെക്കോർഡ്.
പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണവും കിഷോർ കുമാർ ജന വെള്ളിയും നേടിയത് ഇന്ത്യയ്ക്ക് ആവേശമായി. പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിലെ 3 പേരും മലയാളികളായതു കേരളത്തിന് അഭിമാനമായി. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരാണ് തമിഴ്നാട്ടുകാരൻ രാജേഷ് രമേശിനൊപ്പം സ്വർണത്തിലേക്കു കുതിച്ചത്. കോംപൗണ്ട് ആർച്ചറി മിക്സ്ഡ് ടീം വിഭാഗത്തിൽ ജ്യോതി സുരേഖ വെന്നം– ഓജസ് പ്രവീൺ ദേവ്താൽ എന്നിവർ സ്വർണം നേടി.
വനിതകളുടെ 4x400 മീറ്റർ റിലേയിൽ വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, ശുഭ വെങ്കടേശ്വൻ, പ്രാച്ചി ചൗധരി എന്നിവരടങ്ങുന്ന ടീം വെള്ളി നേടി. ലവ്‌ലിന ബോർഗോഹെയ്ൻ (വനിതാ ബോക്സിങ്–75 കിലോഗ്രാം), ഹർമിലൻ ബെയ്ൻസ് (വനിതാ 800 മീറ്റർ), അവിനാശ് സാബ്‌ലെ (പുരുഷ 5000 മീറ്റർ) എന്നിവരാണ് ഇന്നലെ ഇന്ത്യയുടെ മറ്റു വെള്ളി മെഡൽ ജേതാക്കൾ.
റാം ബാബു–മഞ്ജു റാണി (35 കിലോമീറ്റർ നടത്തം–മിക്സ്ഡ് ടീം), അഭയ് സിങ് – അനഹത് സിങ് (സ്ക്വാഷ് മിക്സ്ഡ് ഡബിൾസ്), പർവീൺ ഹൂഡ (വനിതാ ബോക്സിങ്– 57 കിലോഗ്രാം), സുനിൽ (ഗ്രീക്കോ റോമൻ ഗുസ്തി–87 കിലോഗ്രാം) എന്നിവർ വെങ്കലം നേടി.
English Summary : Asian Games Updates