സർക്കാർ പ്രോൽസാഹിപ്പിക്കുന്നില്ല, പ്രണോയ് കേരളം വിടുന്നു; ഇനി തമിഴ്നാടിനു വേണ്ടി കളിക്കും

Mail This Article
സർക്കാരിന്റെയും അസോസിയേഷന്റെയും കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് കേരളം വിടുന്നു. ഇനി മത്സരിക്കുന്നത് തമിഴ്നാടിനുവേണ്ടി. ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ ചരിത്ര മെഡൽനേട്ടത്തിനു പിന്നാലെയാണ് ഇന്ത്യയുടെ അഭിമാനതാരം കേരളത്തിലെ കായിക പ്രേമികളെ നിരാശരാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഓഗസ്റ്റിൽ നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും സംസ്ഥാന സർക്കാരിൽ നിന്നോ ബാഡ്മിന്റൻ അസോസിയേഷനിൽ നിന്നോ ഒരു ഫോൺകോൾ പോലുമുണ്ടായില്ല. കഴിഞ്ഞവർഷം തോമസ് കപ്പിലെ ചരിത്ര വിജയത്തിനുശേഷം കേരള ബാഡ്മിന്റൻ അസോസിയേഷൻ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡലുമായി മലയാളത്തിന്റെ യശസ്സുയർത്തിയിട്ടും കേരള കായിക വകുപ്പ് കണ്ട ഭാവം നടിക്കുന്നില്ല – പ്രണോയി നേരിട്ട അവഗണനയുടെ പട്ടിക നീളുന്നു.
സ്വന്തം നാടിനുവേണ്ടി മത്സരിക്കുന്നതിലെ അഭിമാനംകൊണ്ടാണ് പിന്തുണയില്ലാഞ്ഞിട്ടും ഇതുവരെ പിടിച്ചുനിന്നത്. പക്ഷേ, അവഗണന സഹിക്കാൻ കഴിയാതായി– ഇന്ത്യൻ ബാഡ്മിന്റനിൽ നിലവിലെ ഒന്നാം നമ്പർ താരമായ പ്രണോയ് പറയുന്നു. ഹാങ്ചോ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് ഈയിനത്തിലെ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 41 വർഷത്തെ കാത്തിരിപ്പാണ് സഫലമാക്കിയത്. പുരുഷ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും പ്രണോയ് അംഗമായിരുന്നു.
ദേശീയ മത്സരങ്ങളിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കാൻ കേരള ബാഡ്മിന്റൻ അസോസിയേഷനിൽനിന്നു പ്രണോയിക്ക് എൻഒസി ലഭിച്ചിട്ടുണ്ട്. പരുക്കുമൂലം ഈ വർഷത്തെ ഗെയിംസിൽ പങ്കെടുക്കുന്നില്ല. അടുത്ത ദേശീയ ചാംപ്യൻഷിപ് മുതൽ തമിഴ്നാടിന്റെ ജഴ്സിയണിയും.