ഏഷ്യ കഴിഞ്ഞു; ഇനി ലോകം

Mail This Article
കെട്ടുപിണഞ്ഞു കിടക്കുന്ന ന്യൂഡിൽസ്, ചോപ്സ്റ്റിക്കിൽ കുരുക്കിയെടുക്കുന്ന ലാഘവത്തോടെ ഏഷ്യയുടെ കായിക മാമാങ്കം ആതിഥേയർ ആഘോഷമാക്കി. സമാനതകളില്ലാത്ത സംഘാടന വൈഭവത്തിനു ലോകം മുഴുവൻ കയ്യടിച്ചു. 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോയിൽ ശുഭ പരിസമാപ്തി. മെഡൽ നേട്ടത്തിന്റെ സന്തോഷവും നഷ്ടങ്ങളുടെ ദുഃഖവും സമ്മേളിച്ച സമാപനച്ചടങ്ങിനൊടുവിൽ താരങ്ങളും രാജ്യങ്ങളും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 3 വർഷത്തിനപ്പുറം ജപ്പാനിൽ കാണാമെന്ന ഉറപ്പോടെ.
ഉദ്ഘാടനച്ചടങ്ങിൽ ചൈനീസ് സാംസ്കാരികത്തനിമയും സാങ്കേതികത്തികവുമാണ് നിറഞ്ഞുനിന്നതെങ്കിൽ ഏഷ്യയെന്ന ഒറ്റവികാരത്തെ കായികമികവിന്റെ പര്യായമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു സമാപനച്ചടങ്ങ്. ഏഷ്യൻ ഗെയിംസ് കൃത്യമായി നടത്തിത്തീർക്കാനുള്ള പിരിമുറുക്കമായിരുന്നു ഉദ്ഘാടന വേദിയിലെങ്കിൽ എല്ലാം ഭംഗിയായി സമാപിച്ചതിന്റെ ആഘോഷത്തിമിർപ്പായിരുന്നു ഇന്നലെ കണ്ടത്.
2 ആഴ്ച മുൻപ് ഏഷ്യൻ ഗെയിംസിന്റെ വിളക്കുമരം തെളിയിച്ച ഡിജിറ്റൽ മനുഷ്യൻ തന്നെയാണ് ഗെയിംസിന്റെ ദീപനാളം അണച്ചതും. സമാപനച്ചടങ്ങിൽ മാർച്ച് പാസ്റ്റിൽ മലയാളി താരം പി.ആർ.ശ്രീജേഷ് ഇന്ത്യൻ പതാകയേന്തി.
ഒളിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) ആക്ടിങ് പ്രസിഡന്റ് രാജാ രൺധീർ സിങ് ഏഷ്യൻ ഗെയിംസിന്റെ സമാപനം പ്രഖ്യാപിച്ചു. അടുത്ത ഗെയിംസിനു വേദിയാകുന്ന ജപ്പാനിലെ നഗോയ നഗരത്തിന്റെ ഡപ്യൂട്ടി മേയർ ഗെയിംസ് പതാകയും ദീപശിഖയും ഏറ്റുവാങ്ങി.
ഹോക്കി താരങ്ങൾക്ക് ഒഡീഷയുടെ പാരിതോഷിക വർഷം
ഭുവനേശ്വർ∙ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്ക് ഒഡീഷ സർക്കാർ വക വൻ പാരിതോഷികം. സ്വർണം നേടിയ പുരുഷ ഹോക്കി ടീമിൽ അംഗമായ ഒഡീഷ താരം അമിത് റോഹിദാസിന് 1.5 കോടിയും വെങ്കലം നേടിയ വനിതാ ടീമിലെ ഒഡീഷക്കാരി ദേപ് ഗ്രേസ് എക്കയ്ക്ക് 50 ലക്ഷം രൂപയും മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. പുരുഷ ഹോക്കി ടീമിലെ എല്ലാ താരങ്ങൾക്കും സ്റ്റാഫ് അംഗങ്ങൾക്കും 5 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.