‘മറ്റ് സംസ്ഥാനങ്ങളിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് കോടികൾ, ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നില്ല’

Mail This Article
കിഴക്കമ്പലം (കൊച്ചി ) ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹോക്കി താരം പി.ആർ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് കോടികൾ പാരിതോഷികം നൽകുമ്പോൾ കേരള സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു.
‘എന്താണ് കാരണമെന്ന് അറിയില്ല. നാട്ടിൽ തിരിച്ചെത്തിയപ്പോൾ അഭിനന്ദനം അറിയിക്കുവാൻ ഒരു പഞ്ചായത്ത് അംഗം പോലും എത്തിയില്ല’. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറുടെ പ്രതികരണം.
‘‘ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്ന അംഗീകാരം വരും തലമുറയ്ക്കുള്ള പ്രോത്സാഹനമാണ്. ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കാണുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാലും നാട്ടിൽ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുന്നു.ഇത് സ്പോർട്സിനോടുള്ള താൽപര്യം കുറയ്ക്കും ’’–ശ്രീജേഷ് പറഞ്ഞു.
നാട്ടിലെത്തിയ ശ്രീജേഷിനെ മന്ത്രി പി.രാജീവ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.ഇന്ത്യ സ്വർണം നേടിയ ദിവസം ശ്രീജേഷിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് രാജീവ് പറഞ്ഞു. മന്ത്രി രാജീവ് തന്നെ വിളിക്കാറുള്ളതാണെന്നും സ്നേഹവാക്കുകൾക്ക് നന്ദിയുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.