മലയാളത്തിന്റെ മെഡൽ തിളക്കം ; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് മലയാള മനോരമയുടെ ആദരം
Mail This Article
കൊച്ചി∙ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടങ്ങളിലൂടെ മലയാളത്തിന്റെ യശസ്സുയർത്തിയ താരങ്ങൾക്കു മനോരമ ന്യൂസ് കോൺക്ലേവിൽ ആദരം. ഹാങ്ചോ ഗെയിംസിലെ 107 മെഡൽ നേട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ടോപ്’ (ടാർഗറ്റ് ദി ഒളിംപിക് പോഡിയം) സ്കീമിന്റെ വിജയമാണെന്നു വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഉദ്ഘാടന പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് വേദിയിൽ അഭിമാന താരങ്ങളെ മലയാള മനോരമ ആദരിച്ചത്. ചീഫ് എഡിറ്റർ മാമ്മൻ മാത്യു താരങ്ങളെയും മലയാളി പരിശീലകരെയും സ്വർണപ്പതക്കം അണിയിച്ചു.പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്, 4–400 മീറ്റർ പുരുഷ റിലേയിൽ സ്വർണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, വനിതാ ലോങ്ജംപിൽ വെള്ളി നേടിയ ആൻസി സോജൻ, 800 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് അഫ്സൽ, ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളി നേടിയ എം.ആർ.അർജുൻ, 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൻ ജോൺസൺ എന്നിവർക്കൊപ്പം ഇന്ത്യയുടെ അത്‌ലറ്റിക്സ് ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ, എം.ശ്രീശങ്കറിന്റെ പിതാവും കോച്ചുമായ എസ്.മുരളി, മുഹമ്മദ് അഫ്സലിന്റെ പരിശീലകൻ അജിത് മാർക്കോസ് എന്നിവരും ആദരം ഏറ്റുവാങ്ങി.
ലോകത്തു ജനസംഖ്യയിൽ വളരെ മുന്നിലായിട്ടും നമ്മുടെ മെഡൽനേട്ടം എന്തുകൊണ്ടു നൂറിൽ ഒതുങ്ങുന്നുവെന്നതു ചിന്തിക്കേണ്ട കാര്യമാണെന്നു പി.ആർ.ശ്രീജേഷ് അഭിപ്രായപ്പെട്ടു. അടുത്ത ഒളിംപിക്സിൽ അത്‌ലറ്റിക്സിൽ 3 സ്വർണമെങ്കിലും നേടാനാകുമെന്നാണു പ്രതീക്ഷയെന്നു പി.രാധാകൃഷ്ണൻ നായർ പറഞ്ഞു. മലയാള മനോരമ തരുന്ന അംഗീകാരം വളരെ വലുതാണെന്നും ഇത്രയധികം താരങ്ങൾ ഒരുമിച്ചെത്തിയത് അതിന്റെ തെളിവാണെന്നും ബാഡ്മിന്റൻ മെഡൽ ജേതാവ് എം.ആർ.അർജുൻ പറഞ്ഞു.