ദേശീയ ഗെയിംസിന് ഇന്നു ഗോവയിൽ തുടക്കം
Mail This Article
മഡ്ഗാവ് ∙ ഗോവയിലെ ഫറ്റോർഡ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ‘ഇന്ത്യൻ ഒളിംപിക്സിന്’ ഇന്നു കൊടിയേറ്റം. 5 ഗോവൻ നഗരങ്ങൾ വേദിയൊരുക്കുന്ന 37–ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാജ്യാന്തര മത്സരങ്ങൾക്കുശേഷമുള്ള ഓഫ് സീസണിൽ നടക്കുന്ന ഗെയിംസിൽ പ്രമുഖ താരങ്ങളുടെ അഭാവം തിരിച്ചടിയാണ്. ഗെയിംസ് നവംബർ ഒൻപതിന് സമാപിക്കും.
2016ൽ ഗോവയിൽ നടക്കേണ്ടിയിരുന്ന 36–ാമത് ദേശീയ ഗെയിംസാണ് ഒരുക്കങ്ങൾ പൂർത്തീകരിക്കാത്തതിനാൽ വൈകി. അതിനാൽ കഴിഞ്ഞവർഷം ഗുജറാത്ത് 36–ാമത് ഗെയിംസ് ഏറ്റെടുത്തു നടത്തി. അതിനാൽ 37–ാമത് ഗെയിംസിനാണ് ഇത്തവണ ഗോവ ആതിഥേയരാകുന്നത്.
28 സംസ്ഥാനങ്ങൾക്കും 8 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമൊപ്പം സർവീസസ് ടീമും മാറ്റുരയ്ക്കുന്ന ഗെയിംസിൽ 43 മത്സരയിനങ്ങളാണുള്ളത്. 496 കായിക താരങ്ങളാണ് കേരള സംഘത്തിലുള്ളത്. 2022 ഗെയിംസിൽ കേരളം ആറാംസ്ഥാനത്തായിരുന്നു. ഇന്ന് നടക്കുന്ന മാർച്ച് പാസ്റ്റിൽ നീന്തൽ താരം സജൻ പ്രകാശ് കേരള സംഘത്തെ നയിക്കും.
കേരളം അക്കൗണ്ട് തുറന്നു; നെറ്റ്‌ബോളിൽ വെള്ളി
മഡ്ഗാവ് ∙ ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപേ നെറ്റ്‌ബോളിലൂടെ കേരളം മെഡൽ അക്കൗണ്ട് തുറന്നു. പുരുഷ നെറ്റ്‌ബോൾ ഫൈനലിൽ ഹരിയാനയോട് പരാജയപ്പെട്ടെങ്കിലും കേരള ടീം ചരിത്ര വെള്ളിയുറപ്പിച്ചു. നെറ്റ്‌ബോളിൽ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മികച്ച നേട്ടമാണിത്. 2015 ഗെയിംസിലെ വെങ്കലമായിരുന്നു ഇതിനു മുൻപുള്ള വലിയ നേട്ടം.
മൊയ്തീൻ നൈന സംഘത്തലവൻ
പറവൂർ ∙ 37–ാം ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ സംഘത്തലവനായി (ചെഫ് ഡി മിഷൻ) മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ വി.എ.മൊയ്തീൻ നൈനയെ നിയമിച്ചു. എറണാകുളം പറവൂർ സ്വദേശിയായ മൊയ്തീൻ നൈന റിട്ട. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറാണ്.