കാലുകൊണ്ട് അമ്പെയ്യുന്ന ശീതൾ ദേവിക്ക് പാരാ ഗെയിംസിൽ ഇരട്ട സ്വർണം
Mail This Article
ഹാങ്ചോ ∙ സമാനതകളില്ലാത്ത നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായി ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽവേട്ട തുടരുകയാണ് ഇന്ത്യൻ ആർച്ചറി താരം ശീതൾ ദേവി. ആർച്ചറിയിൽ ലക്ഷ്യത്തിലേക്ക് ഉന്നം പിടിക്കാൻ ഈ 16 വയസ്സുകാരിക്ക് 2 കൈകളുമില്ല. പക്ഷേ പരിമിതികളിൽ തളരാതെ, കാൽവിരൽകൊണ്ടു ഞാൺ വലിച്ച് ശീതൾ ദേവി ഇത്തവണ എയ്തു വീഴ്ത്തിയത് 2 സ്വർണമുൾപ്പെടെ 3 മെഡലുകൾ. ഏഷ്യൻ പാരാ ഗെയിംസിൽ ഒരു ചാംപ്യൻഷിപ്പിൽ 2 സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ജമ്മു കശ്മീർ സ്വദേശിനി ഇന്നലെ സ്വന്തമാക്കി. ഇരു കൈകളുമില്ലാതെ ആർച്ചറിയിൽ മത്സരിക്കുന്ന ഏക കായിക താരമെന്ന വിശേഷണമാണ് ലോക ആർച്ചറി സംഘടന ശീതളിന് നൽകിയിരിക്കുന്നത്.
2 വർഷം മുൻപ് ഇന്ത്യൻ ആർമി സംഘടിപ്പിച്ച കായിക മത്സരത്തിൽ പങ്കെടുത്തത് വഴിത്തിരിവായി. സൈന്യത്തിന്റെ പിന്തുണയോടെ ആർച്ചറി അക്കാദമിയിൽ ചേർന്നു പരിശീലനം ആരംഭിച്ച ശീതൾ അന്നുമുതൽ കാലുകൊണ്ട് അമ്പെയ്തു ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഇന്നലെ വനിതകളുടെ കോംപൗണ്ട് വ്യക്തിഗത ഇനത്തിലും മിക്സ്ഡ് ടീം ഇനത്തിലും സ്വർണം നേടിയ ശീതൾ വനിതാ ഡബിൾസ് ഇനത്തിലാണ് വെള്ളി നേടിയത്.