സജൻ പ്രകാശ് 19 നോട്ടൗട്ട്

Mail This Article
മഡ്ഗാവ് ∙ ദേശീയ ഗെയിംസ് നീന്തൽക്കുളത്തിൽ കേരളത്തിന്റെ സുവർണമത്സ്യമായി സജൻ പ്രകാശ്. ഇന്നലെ ഒരു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കിയതോടെ ദേശീയ ഗെയിംസ് ചരിത്രത്തിൽ സജന് 19 മെഡലുകളായി. 100 മീറ്റർ ബട്ടർഫ്ലൈയിൽ ഗെയിംസ് റെക്കോർഡോടെ (53.79 സെക്കൻഡ്) ഒന്നാമതെത്തിയ സജൻ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് വെള്ളി നേടിയത്. ഈ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ മാത്രം സജന് 6 മത്സരങ്ങൾ ബാക്കിയുണ്ട്. 2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിൽ 6 സ്വർണമടക്കം 9 മെഡലുകളുമായി അദ്ഭുതം കാട്ടിയ സജൻ 2022 അഹമ്മദാബാദ് ദേശീയ ഗെയിംസിൽ 5 സ്വർണമടക്കം 8 മെഡലുകളും നേടിയിരുന്നു.
4 മെഡലുകളാണ് ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന്റെ നേട്ടം. പെഞ്ചാക് സിലാട്ട് വനിതാ വ്യക്തിഗത വിഭാഗത്തിൽ കോഴിക്കോട് സ്വദേശിനി എം.എസ്.ആതിരയും വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിൽ തൃശൂർ സ്വദേശിനി എം.ടി.ആൻമരിയയും വെള്ളി നേടി. വനിതാ വാട്ടർപോളോയിൽ കേരളം ഡൽഹിയെയും (23–1) ബീച്ച് സോക്കറിൽ കേരള പുരുഷൻമാർ ലക്ഷദ്വീപിനെയും (11–3) തോൽപിച്ചു.