ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 5 സ്വർണമടക്കം 11 മെഡലുകൾ

Mail This Article
മഡ്ഗാവ് ∙ നീന്തൽക്കുളത്തിലും കടൽത്തീരത്തും ജംപിങ് പിറ്റിലുമെല്ലാം സ്വർണം വാരിയ കേരളത്തിന് ഗോവ ദേശീയ ഗെയിംസിൽ ഉജ്വല കുതിപ്പ്. 5 സ്വർണവും 2 വെള്ളിയും 4 വെങ്കലവുമാണ് ഇന്നലെ മലയാളി താരങ്ങൾ പൊരുതി നേടിയത്. ഈ ദേശീയ ഗെയിംസിൽ ഒരു ദിനം കേരളത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഗെയിംസിൽ കേരളത്തിന്റെ ആകെ മെഡലുകൾ ഇതോടെ 37 ആയി.
നീന്തലിൽ പുരുഷൻമാരുടെ 200 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ സജൻ പ്രകാശ് ദേശീയ ഗെയിംസ് റെക്കോർഡോടെ (1.59.38 മിനിറ്റ്) സ്വർണം നേടി. റോവിങ്ങിൽ വനിതാ പെയർ വിഭാഗത്തിൽ വിജിന മോൾ– അലീന ആന്റോ സഖ്യം സ്വർണം നേടിയപ്പോൾ വനിതാ കോക്‌ലെസ് ഫോർ വിഭാഗത്തിൽ വി.ജെ.അരുന്ധതി, മീനാക്ഷി, റോസ് മരിയ ജോഷി, പി.ബി.അശ്വതി എന്നിവരുൾപ്പെട്ട കേരള ടീം ജേതാക്കളായി. ബീച്ച് ഫുട്ബോൾ ഫൈനലിൽ ഗോവയെ തോൽപിച്ച് (7–5) കേരള പുരുഷ ടീം ചാംപ്യൻമാരായപ്പോൾ വനിതാ ട്രിപ്പിൾജംപിൽ ഒന്നാമതെത്തിയ എൻ.വി.ഷീനയിലൂടെ അത്‌ലറ്റിക്സിലും കേരളം പൊന്നണിഞ്ഞു.
വെള്ളി മെഡൽ ജേതാക്കൾ: മരിയ ജയ്സൻ (വനിതാ പോൾവോൾട്ട്), നയന ജയിംസ് (വനിതാ ട്രിപ്പിൾജംപ്). വെങ്കലം: ഹർഷിത ജയറാം (50 മീ. ബ്രെസ്റ്റ്സ്ട്രോക്ക്), വി.പി.അശ്വനി– ദേവ പ്രിയ (റോവിങ് വനിതാ ഡബിൾ സ്കൾ), വനിതാ 4–400 റിലേ ടീം (ലിന്നെറ്റ് ജോർജ്, ഗൗരി നന്ദന, ടി.ജെ.ജംഷീല, ജിൽന മാത്യു), പുരുഷ 4–400 റിലേ ടീം (പി.അഭിരാം, എം.എസ്.അനന്ദുമോൻ, ടി.എസ്.മനു, റിൻസ് ജോസഫ്)