ഗെയിംസ് വേദിയിലെ വിഐപി കുട്ടികൾ

Mail This Article
കോട്ടയം ∙ ഗോവയിലെ ദേശീയ ഗെയിംസ് വേദിയിൽ പി.ടി.ഉഷയ്ക്കൊപ്പം വിഐപികളായി 14 കുട്ടികൾ. പള്ളിക്കത്തോട് ഗ്രാമത്തിലെ കുട്ടിത്താരങ്ങളാണു ഗെയിംസ് വേദിയിൽ അതിഥികളായി എത്തിയത്. സൻസദ് ആദർശ് ഗ്രാം യോജന (സാഗി) പദ്ധതിയുടെ ഭാഗമായി, രാജ്യസഭ എംപി കൂടിയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ദത്തെടുത്ത ഗ്രാമമാണു പള്ളിക്കത്തോട്. നിലവാരമുള്ള കായിക വേദികൾ കുട്ടിത്താരങ്ങൾക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പി.ടി. ഉഷ ഇവരെ ഗോവയിലെത്തിച്ചത്.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബ്രഹ്മാനന്ദ്, ഒളിംപ്യന്മാരായ ഗഗൻ നാരംഗ്, ലിജോ ഡേവിഡ് തോട്ടാൻ, പി.രാമചന്ദ്രൻ തുടങ്ങിയവരുമായി സംവദിക്കാനും കുട്ടികൾക്കു സാധിച്ചു. റോൾബോൾ ഗെയിമിന്റെ ഉപജ്ഞാതാവ് രാജു ദാഭഡെയുമായി ആശയ വിനിമയം നടത്തിയ കുട്ടികൾ റോൾബോൾ പരിശീലനത്തിനുള്ള ശ്രമവും ആരംഭിച്ചു. പ്രധാന വേദികളിൽ രാജ്യാന്തര കായിക താരങ്ങൾക്കു ലഭിക്കുന്ന പരിഗണനയിൽ 2 ദിവസം ചെലവഴിക്കാൻ സാധിച്ചതിൽ കുട്ടികളും ഹാപ്പി.
4 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, ഗോവ സർവകലാശാല വൈസ് ചാൻസലർ ഹരിലാൽ മേനോൻ എന്നിവരും കുട്ടികൾക്കു സ്വീകരണമൊരുക്കി.