ദേശീയ ജൂനിയർ അത്ലറ്റിക്സ് ഇന്നുമുതൽ കോയമ്പത്തൂരിൽ

Mail This Article
കോയമ്പത്തൂർ∙ ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് ഇന്നു കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും. കൈവിട്ട ചാംപ്യൻ പട്ടം തിരിച്ചു പിടിക്കാൻ 160 അത്‌ലീറ്റുകളാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. ഒന്നരപ്പതിറ്റാണ്ട് അത്‌ലറ്റിക്സിൽ ആധിപത്യമുണ്ടായിരുന്ന കേരളത്തിന് 2016നു ശേഷമാണു നിറം മങ്ങിയത്. 7 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമായി 5–ാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം കേരളം.
81 പെൺകുട്ടികളും 79 ആൺകുട്ടികളും ഉൾപ്പെടുന്ന കേരള ടീം മൂന്നു ദിവസം പാലക്കാട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ ചീഫ് കോച്ച് സി.വിനയചന്ദ്രന്റെ നേതൃത്വത്തിൽ കഠിന പരിശീലനത്തിലായിരുന്നു. ജെ.റിജോയ്, കെ.എ.അനാമിക എന്നിവരാണു ടീമിനെ നയിക്കുന്നത്. എം.രാമചന്ദ്രൻ, സി.കവിത, സി.ഹരിദാസ്, ഡോ.ഹരിദയാൽ, ഷൈല ജോർജ് എന്നിവരാണ് ടീം മാനേജർമാർ.
29 സംസ്ഥാനങ്ങളിൽ നിന്ന് 2200 പേരാണ് മീറ്റിൽ പങ്കെടുക്കുന്നത്. ഇന്നു 10,000 മീറ്ററാണ് ആദ്യ ഇനം. ഇന്ന് 16 ഫൈനൽ മത്സരങ്ങൾ നടക്കും. മീറ്റ് 10ന് സമാപിക്കും.