പഠിച്ചതു ഫോസ്ബറി, സിസേഴ്സ് മതിയെന്ന് ഫെഡറേഷൻ
Mail This Article
കോയമ്പത്തൂർ ∙ 14 വയസ്സിനു താഴെയുള്ള കുട്ടികൾ ഹൈജംപ് സിസർകട്ട് രീതിയിൽ ചാടിയാൽ മതിയെന്നും സ്റ്റാൻഡേഡ് ടെക്നിക്കായ ഫോസ്ബറി ഫ്ലോപ് പാടില്ലെന്നും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ നിർദേശം. കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം.
എന്നാൽ, ജൂനിയർ അത്‌ലറ്റിക് മീറ്റിൽ എത്തിയ താരങ്ങളിൽ പലരും ഫോസ്ബറി ഫ്ലോപിൽ ആണ് നാളിതുവരെ പരിശീലിച്ചിരുന്നത്. കഴിഞ്ഞമാസം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അടക്കം ഫോസ്ബറി ഫ്ലോപ്് ശൈലിയിൽ ചാടിയെത്തിയ കുട്ടികൾക്ക് ദേശീയ ജൂനിയർ മീറ്റിലെ അപ്രതീക്ഷിത നിയമമാറ്റം തിരിച്ചടിയായി. അത്‌ലറ്റിക് ഫെഡറേഷന്റെ പുതിയ നിർദേശം .
എന്താണ് ഫോസ്ബറി ഫ്ലോപ് ?
കാലിനു പകരം ബാറിനു മുകളിലൂടെ തലയും തോളും ആദ്യം കടത്തി പിന്നാലെ ശരീരത്തെ ലാൻഡ് ചെയ്യിക്കുന്നതാണു ഫോസ്ബറി ഫ്ലോപ്. അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിലാണ് ഈ ചാട്ടം അവതരിപ്പിച്ചത്. സ്ട്രാഡ്ൽ, സിസർ ജംപ് രീതികളായിരുന്നു ഇതിനു മുൻപ് ഉപയോഗിച്ചിരുന്നത്. ക്രോസ് ബാറിനു മുകളിലൂടെ കാലുകൾ പൊക്കി എടുത്തുചാടുന്നതാണ് സിസർ കട്ട്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ഫോസ്ബറി പഠിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം പരിശീലകർക്കുണ്ട്.