1500 മീറ്ററിൽ 36 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ആനന്ദ് കൃഷ്ണ
Mail This Article
കൊച്ചി ∙ മഹാത്മാഗാന്ധി സർവകലാശാലയുടെ അത്‍ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റെക്കോർഡ് ഇന്നലെ മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിൽ തകർന്നു വീണു. പുരുഷ 1500 മീറ്ററിൽ 3:54 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ കോതമംഗലം എംഎ കോളജിലെ കെ.ആനന്ദ് കൃഷ്ണ ഈയിനത്തിലെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി. 1987ൽ മാന്നാനം കെഇ കോളജിലെ കെ.കെ.ജയിംസ് സ്ഥാപിച്ച റെക്കോർഡാണ് (3:57.80 മിനിറ്റ്) മറികടന്നത്. പിന്നാലെ 5000 മീറ്ററിലും സ്വർണം നേടിയ ആനന്ദ് മീറ്റിലെ ആദ്യ ഇരട്ട സ്വർണ നേട്ടവും പേരിലാക്കി.
മലപ്പുറം മഞ്ചേരി സ്വദേശി ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ് ആനന്ദ്. എംജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ആനന്ദ് കൃഷ്ണയുടെ ഹാട്രിക് റെക്കോർഡ് നേട്ടമാണിത്. 5000 മീറ്ററിലെയും (14:32.50 മിനിറ്റ്, 2021) 10,000 മീറ്ററിലെയും (30:36.80 മിനിറ്റ്, 2023) സർവകലാശാല റെക്കോർഡുകൾ നിലവിൽ ആനന്ദിന്റെ പേരിലാണ്.