മികച്ച ട്രാക്ക് അത്ലീറ്റുകളായി ലൈൽസും കിപ്യേഗനും
Mail This Article
മൊണാക്കോ ∙ യുഎസിന്റെ സ്പ്രിന്റ് ചാംപ്യൻ നോഹ ലൈൽസും കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ഫെയ്ത് കിപ്യേഗനും ഈ വർഷത്തെ മികച്ച ട്രാക്ക് അത്‌ലീറ്റുകൾ. അത്‍ലറ്റിക്സിലെ രാജ്യാന്തര സംഘടനയായ വേൾഡ് അത്‍ലറ്റിക്സിന്റെ ‘അത്‌ലീറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന് ട്രാക്ക്, ഫീൽഡ്, മാരത്തൺ വിഭാഗങ്ങളിലായി 6 പേരാണ് ഇത്തവണ അർഹരായത്. സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസാണ് ഫീൽഡ് ഇനങ്ങളിലെ മികച്ച പുരുഷ താരം. വനിതകളുടെ ഫീൽഡ് ഇനങ്ങളിൽ വെനസ്വേലയുടെ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസിനാണ് പുരസ്കാരം. മാരത്തണിൽ കെനിയയുടെ കെൽവിൻ കിപ്റ്റം പുരുഷ വിഭാഗത്തിലും ഇതോപ്യയുടെ ടിഗിസ്റ്റ് അസഫ വനിതകളിലും മികച്ച താരമായി.
മുൻ വർഷങ്ങളിൽ മികച്ച പുരുഷ, വനിതാ താരങ്ങളെ മാത്രമാണ് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇത്തവണ 3 വിഭാഗങ്ങളിലായി കൂടുതൽ ജേതാക്കളെ ഉൾപ്പെടുത്തുകയായിരുന്നു. ഈ വർഷത്തെ മികച്ച 5 പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയുടെ നീരജ് ചോപ്ര അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു.