ഇ.ഭാസ്കരൻ ഇനി ‘ദ്രോണർ’; കബഡിയിലെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് വിജയങ്ങളുടെ ശിൽപി
Mail This Article
കരിവെള്ളൂർ (കണ്ണൂർ) ∙ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ സ്വർണം നേടിയ ഇന്ത്യൻ കബഡി ടീമുകളിൽ മലയാളി താരങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഗെയിംസിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിനുള്ള തന്ത്രങ്ങൾ മെനഞ്ഞത് ഒരു മലയാളിയാണ്, കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശി ഇ. ഭാസ്കരൻ. ഏഷ്യൻ ഗെയിംസിൽ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഭാസ്കരൻ ഗെയിംസിനിടെ വനിതാ ടീമിന്റെയും പരിശീലനച്ചുമതല ഏറ്റെടുത്തിരുന്നു.
2009 മുതൽ ദേശീയ കബഡി ടീമിന്റെ പരിശീലകനായ ഭാസ്കരനു കീഴിൽ ഇന്ത്യൻ ടീം കൈവരിച്ച രാജ്യാന്തര നേട്ടങ്ങൾ ഒട്ടേറെയാണ്. 2010 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമും 2014ൽ വനിതാ ടീമും സ്വർണം നേടിയപ്പോൾ ടീമിനെ നയിച്ചത് ഭാസ്കരനാണ്. 2018 ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമിനു സ്വർണം നഷ്ടമായി.
തിരിച്ചടിയിൽ നിന്നു ടീമിനെ കരകയറ്റാനും പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനുമുള്ള വലിയ ദൗത്യം സായ് ഏൽപിച്ചത് ഭാസ്കരനെയായിരുന്നു. ഈ വർഷം ജൂലൈയിൽ നടന്ന ഏഷ്യൻ കബഡി ചാംപ്യൻഷിപ്പിൽ കരുത്തരായ ഇറാനെ തോൽപിച്ച് സ്വർണം നേടിയതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ ഗെയിംസിലും കരുത്തുകാട്ടിയത്.
മുൻ ദേശീയ കബഡി താരം കൂടിയായ ഭാസ്കരൻ ഇന്ത്യൻ ആർമിയിൽ നിന്ന് സുബേദാർ മേജർ ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്. തുടർന്ന് ആർമി ടീമിന്റെയും സർവീസസിന്റെയും മുഖ്യ പരിശീലകനായി.