ADVERTISEMENT

തിരുവനന്തപുരം∙ എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന ‘കൊച്ചിൻ സ്പോർട്സ് സിറ്റി’ പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). 40 ഏക്കർ സ്ഥലത്ത് ദേശീയ ക്രിക്കറ്റ് ബോർ‍ഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മൾട്ടി സ്പോർട്സ് കോംപ്ലക്സിന് 700 കോടി രൂപയാണു ചെലവ്.

നെടുമ്പാശേരി അത്താണി ജംക്‌ഷനു സമീപം ദേശീയപാതയോടു ചേർന്നു ചെങ്ങമനാട് പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലത്താണു പദ്ധതി വരുന്നത്. രൂപരേഖ കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഇതുൾപ്പെടെ സംസ്ഥാനത്തു കെസിഎ നടപ്പാക്കാനുദേശിക്കുന്ന 1124 കോടി രൂപയുടെ പദ്ധതികളും അവതരിപ്പിച്ചു.

ഒരു വർഷം മുൻപേ എറണാകുളത്ത് രാജ്യാന്തര സ്റ്റേഡിയം നിർമാണത്തിനായി സ്ഥലം തേടി കെസിഎ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ലഭിച്ച മുപ്പതോളം അപേക്ഷകളിൽനിന്നു തിരഞ്ഞെടുത്ത 3 സ്ഥലങ്ങൾ വിലയിരുത്തി നിയമപരിശോധനകൾക്ക് ഒടുവിലാണ് അത്താണിയിലെ സ്ഥലം തീരുമാനിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥലം സന്ദർശിച്ചിരുന്നു.

ആദ്യഘട്ടത്തിൽ 30 ഏക്കർ സ്ഥലം വാങ്ങി 40,000 പേർക്കിരിക്കാവുന്ന രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സും ക്ലബ് ഹൗസുമാണ് നിർമിക്കുക. ഇതിനു പുറമേ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഫുട്സാൽ കോർട്ടുകൾ, ഇൻഡോർ സ്റ്റേഡിയം, വാട്ടർ സ്പോർട്സ് സെന്റർ, സ്പോർട്സ് അക്കാദമി, കൺവെൻഷൻ സെന്റർ, സ്പോർട്സ് മെഡിസിൻ–ഫിറ്റ്നസ് സെന്റർ, ഗെയിമിങ് ആൻഡ് ഇ–സ്പോർട്സ് അരീന, താമസസ്ഥലം, ഹെലിപാഡ്, മൾട്ടിലെവൽ പാർക്കിങ് എന്നിവയും 5 വർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവിധ ജില്ലകളിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾക്കും വികസനത്തിനുമായി 424 കോടി രൂപയുടെ പദ്ധതികളും കെസിഎ സമർപ്പിച്ചു.

8 ഫുട്ബോൾ സ്റ്റേഡിയങ്ങൾക്കായി താൽപര്യപത്രം 

തിരുവനന്തപുരം∙ മീരാൻ ഗ്രൂപ്പും സ്കോർലൈൻ സ്പോർട്സും ചേർന്ന് കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംസ്ഥാനത്ത് 8 ഫുട്ബോൾ മൈതാനങ്ങളും 4 റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമികളും സജ്ജമാക്കുന്നതിനു താൽപര്യപത്രം സമർപ്പിച്ചു. 800 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. 

  ഇതിനുളള താൽപര്യപത്രം കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, സെക്രട്ടറി പി.അനിൽ കുമാർ, സ്കോർലൈൻ സിഇഒ മാത്യു ജോസഫ് എന്നിവർ ചേർന്നു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.   എവിടെയൊക്കെയാവും സ്റ്റേഡിയങ്ങൾ സജ്ജമാക്കുകയെന്ന് കായിക വകുപ്പുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും റസിഡൻഷ്യൽ  അക്കാദമികൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവാസ് മീരാൻ പറഞ്ഞു

ക്രിക്കറ്റ് പ്രേമികൾക്ക് സൗകര്യപ്രദം 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും ദേശീയപാതയ്ക്കും സമീപമാണെന്നതും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള കളി പ്രേമികൾക്കും എത്തിച്ചേരാൻ സൗകര്യപ്രദമാണെന്നതും പരിഗണിച്ചാണ് കെസിഎയുടെ സ്വന്തം സ്റ്റേഡിയത്തിനായി അത്താണിയിലെ സ്ഥലം തിരഞ്ഞെടുത്തത്. കരാറായെങ്കിലും സർക്കാർ അനുമതികൾ ഉൾപ്പെടെ എല്ലാ നിയമകടമ്പകളും കഴിഞ്ഞു മാത്രമേ സ്ഥലം വാങ്ങൂ. കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ പാട്ടക്കാലാവധി 4 വർഷം കൂടിയുണ്ട്. അത് 33 വർഷമാക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ അവിടെയും 100 കോടി രൂപയോളം മുടക്കി വികസിപ്പിക്കും

ജയേഷ് ജോർജ് (കെസിഎ പ്രസിഡന്റ്)

English Summary:

Cricket stadium near Nedumbassery airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com