കായികതാരങ്ങൾക്ക് ഇനി ഡിജിറ്റൽ സർട്ടിഫിക്കറ്റ്

Mail This Article
ന്യൂഡൽഹി ∙ കായികതാരങ്ങൾക്കുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ വഴി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വിവിധ മത്സരങ്ങളിലെ മെറിറ്റ്, പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ കേന്ദ്രസർക്കാരിന്റെ ഓൺലൈൻ ഫയൽ ലോക്കർ സംവിധാനമായ ഡിജി ലോക്കർ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു കായിക മന്ത്രാലയം കായിക ഫെഡറേഷനുകൾക്കു നിർദേശം നൽകി. അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ജൂൺ ഒന്നിനു ശേഷം കടലാസ് സർട്ടിഫിക്കറ്റുകൾ പാടില്ലെന്നും ഇ–സർട്ടിഫിക്കറ്റുകൾക്കു മാത്രമാകും അംഗീകാരമെന്നുമാണു നിർദേശം.
കായികമന്ത്രാലയം വികസിപ്പിച്ച ഐടി സംവിധാനവുമായും ഡിജി ലോക്കറുമായും ഫെഡറേഷനുകളുടെ ഐടി സംവിധാനം സംയോജിപ്പിച്ചാകണം സർട്ടിഫിക്കറ്റുകൾ അനുവദിക്കേണ്ടത്. ക്രമക്കേടുകൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണു പുതിയ തീരുമാനമെന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
കായിക സംഘടനകളുടെ മത്സരഫലങ്ങൾ കേന്ദ്രസർക്കാരിന്റെ ഐടി സംവിധാനവുമായി ബന്ധിപ്പിക്കാൻ ഏപ്രിൽ 30വരെ സമയമുണ്ട്. മേയ് 1 മുതൽ 31 വരെ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശീലന ശിൽപശാലകൾ നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഇ–സർട്ടിഫിക്കറ്റുകളും ലഭ്യമാക്കും.