ADVERTISEMENT

തിരുവനന്തപുരം ∙ സിദ്ധാർഥ ബാബുവിനെ ഷൂട്ടിങ് റേഞ്ചിലെത്തിച്ചത് തിരുവനന്തപുരത്തെ ലൈബ്രറികളാണ്. കളിത്തോക്കുകളോടു കമ്പമുള്ള സിദ്ധാർഥ മുതിർന്നപ്പോൾ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവാകാൻ പുസ്തകങ്ങളും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും കുറച്ചൊന്നുമല്ല സഹായിച്ചത്. 2023 ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബു മിക്സഡ് 50 മീറ്റർ റൈഫിൾ പ്രോൺ എസ്എച്ച്–1 മത്സരത്തിൽ റെക്കോർഡ് സഹിതം സ്വർണം നേടിയപ്പോൾ ആദ്യം അഭിനന്ദിച്ചവരിലൊരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആ നേട്ടം, ലക്ഷ്യം മാത്രം മുന്നിൽ വച്ചു സിദ്ധാർഥ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.

2002. പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ താൽക്കാലിക ജോലിയായിരുന്നു അന്ന് സിദ്ധാർഥയ്ക്ക്. ഒപ്പം, ജവാഹർ ബാലഭവനിലെ കരാട്ടെ ഇൻസ്ട്രക്ടറും ആയിരുന്നു. ജൂലൈ 20ന്, തന്റെ കരാട്ടെ മാസ്റ്ററിന്റെ ക്ലാസിലേക്കുള്ള യാത്രയ്ക്കിടയിൽ വെള്ളയമ്പലത്തിനു സമീപം സിദ്ധാർഥയുടെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ഒരു വർഷത്തോളം നീണ്ട ആശുപത്രി വാസം. അരയ്ക്കു താഴേയ്ക്കു തളർന്നു. ‌‌

‘ഇനിയുള്ള ജീവിതം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രം എന്ന് ആ അപകടത്തിനുശേഷം ഞാൻ തീരുമാനിച്ചു–’ സിദ്ധാർഥ പറയുന്നു. ‘തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ എംസിഎയ്ക്കു പഠിക്കുമ്പോഴാണ് മെക്കാനിക്കൽ ഡിസൈനിങ്ങിൽ കൂടുതൽ പ്രായോഗിക പരിശീലനം നേടാൻ കഴിഞ്ഞത്. കൈകൾ കൊണ്ട് കാർ നിയന്ത്രിക്കാനുള്ള ഹാൻഡ് കൺട്രോൾ ഞാൻ നിർമിച്ചു. 

ഷൂട്ടിങ് പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരുവിൽ സായി, ഡൽഹി കെഎസ്എസ്ആർ, വട്ടിയൂർക്കാവ് നാഷനൽ ഗെയിംസ് ഷൂട്ടിങ് റേഞ്ചുകളിൽ പരിശീലനം. സംസ്ഥാന, ദേശീയ ചാംപ്യൻഷിപ്പുകളിൽ ഉൾപ്പെടെ റെക്കോർഡും മെഡലുകളും നേടി. കഴിഞ്ഞ വർഷം ദേശീയ ചാംപ്യൻഷിപ്പിൽ പൊതുവിഭാഗത്തോടൊപ്പം മൽസരിച്ച് സ്വർണം നേടിയതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി കാണുന്നത്. പിന്നീടാണ് ഒളിംപിക്സ്, പാരാലിംപിക്സ് മെഡൽ ജേതാക്കൾക്കൊപ്പം പരിശീലനം തുടങ്ങിയത്–’ സിദ്ധാർഥ പറയുന്നു.

10 മീറ്റർ എയർ റൈഫിളിലും 50 മീറ്റർ റൈഫിൾ പ്രോണിലും 2 ലോകകപ്പ് വെങ്കലം നേടി. 2021 പാരാലിംപിക്സിൽ ഫൈനലിന് തൊട്ടരികിലെത്തി. കഴിഞ്ഞ വർഷം ഹാങ്ചോ ഏഷ്യൻ പാരാ ഗെയിംസിലെ സ്വർണ നേട്ടം സിദ്ധാർഥയുടെ കരിയർ ഗ്രാഫ് ഉയർത്തി.

അഡ്വഞ്ചർ സ്പോർട്സും നീന്തലും ഇഷ്ടപ്പെടുന്ന സിദ്ധാർഥ കോവളത്ത് കടലിൽ സ്കൂബ ഡൈവിങ് നടത്താറുണ്ട്. ഷൂട്ടിങ്ങിൽ പാരാലിംപിക്സ് മെഡൽ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളുണ്ട്. ‘ക്രിയേറ്റീവ് ആയി ഇൻസ്റ്റലേഷനുകൾ ചെയ്യണം.  ഗിറ്റാർ പഠനം തുടരണം. എല്ലാറ്റിലും ഉപരിയായി വീണ്ടും നടക്കണം, അതിനു സഹായിക്കുന്ന ഉപകരണം സ്വന്തമായി നിർമിക്കണം. ബൈക്ക് ഓടിക്കണം, അതിനു വേണ്ട ഹാൻഡ് കൺട്രോൾ കഴിയുമെങ്കിൽ സ്വയം വികസിപ്പിക്കണം...’ തിരുവനന്തപുരം സ്വദേശി അശ്വതിയാണ് ഈ സ്വപ്നങ്ങളിൽ സിദ്ധാർഥ ബാബുവിന്റെ പങ്കാളി. സിദ്ധാർഥയ്ക്കു വോട്ടു ചെയ്യാൻ ക്ലിക്ക് ചെയ്യൂ...

English Summary:

Parachuting star Siddhartha Babu shortlisted for Manorama Sports Star 2023 award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com