ADVERTISEMENT

കൊച്ചി ∙ ലോങ്ജംപ് താരം എം.ശ്രീശങ്കർ, ക്രിക്കറ്റ് താരം സച്ചിൻ ബേബി, പാരാഷൂട്ടർ സിദ്ധാർഥ ബാബു; കായിക കേരളം ആകാംക്ഷയോടെ കാത്തിരുന്ന പേരുകൾ! കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ ‘മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2023’ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ഈ മൂന്നു കായിക പ്രതിഭകൾ. 

ഇന്ത്യൻ വനിതാ ക്രിക്കറ്റർ മിന്നു മണി, അത്‌ലീറ്റ് വി.മുഹമ്മദ് അജ്മൽ, ഇന്ത്യൻ ഫുട്ബോൾ താരം കെ.പി.രാഹുൽ എന്നിവർ കൂടി ഉണ്ടായിരുന്ന ആറംഗ പ്രാഥമിക പട്ടികയിൽ നിന്നാണ് ഇവർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 

പുരസ്കാരത്തിനു വേണ്ടിയുള്ള സൗഹൃദപ്പോരാട്ടം ഇനി ഈ മൂവരിലേക്കു ചുരുങ്ങുന്നു. ടെന്നിസ് സൂപ്പർ താരം രോഹൻ ബൊപ്പണ്ണ ഇന്നു ജേതാവിനെ പ്രഖ്യാപിക്കും.

ചുരുക്കപ്പട്ടിക പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഇന്നലെ രാത്രി ശ്രീശങ്കറും സച്ചിനും സിദ്ധാർഥയും ആദ്യമായി ഒരുമിച്ചു കണ്ടു; ആഹ്ലാദം പങ്കിട്ടു; ആശംസകൾ നേർന്നു. വിശേഷങ്ങൾ പങ്കിട്ടു. ആ സൗഹൃദ ഭാഷണത്തിൽ നിന്ന്.

പ്രസ്റ്റീജിയസ് !

കളത്തിലെ മികവിനു പുരസ്കാരങ്ങൾ നേടിയ താരങ്ങൾ. ഈ പുരസ്കാരത്തിനു പക്ഷേ, സവിശേഷതയുണ്ടെന്നു മൂവരും പറഞ്ഞത് ഒരേ സ്വരത്തിൽ.

സച്ചിൻ:
മുൻപൊരിക്കൽ ഞാൻ മനോരമ സ്പോർട്സ് അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തിരുന്നു; കാഴ്ചക്കാരനായി. എന്നെങ്കിലും ഒരിക്കൽ ഈ വേദിയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. 6 വർഷത്തിനു ശേഷം അതിന് അവസരമെത്തി. സന്തോഷം!

ശ്രീശങ്കർ:
ഞാൻ മുൻപൊരു തവണ മനോരമയുടെ അവാർഡ് പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇത്തവണ വീണ്ടും പരിഗണിക്കപ്പെട്ടതിൽ അഭിമാനം. ഇത്തവണ മികച്ച ചില നേട്ടങ്ങളുണ്ട്.

സിദ്ധാർഥ ബാബു:
എനിക്ക് അവാർഡുകളൊന്നും ലഭിച്ചിട്ടില്ല. സ്പോർട്സിനെ ആഘോഷിക്കാനുള്ള വലിയ വേദിയാണു മനോരമയുടെ അവാർഡ്. കായികതാരങ്ങൾക്കു വലിയ പ്രോത്സാഹനമാണ് ഇത്തരം വേദികളും അവാർഡും.

ആർക്കായിരിക്കും അവാർഡ്?

സച്ചിൻ:
സ്ഥിരതയുള്ള പ്രകടനം നടത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 4 വീതം സെഞ്ചറിയും അർധ സെഞ്ചറിയുമടക്കം 830 റൺസ് നേടാനായി. 

ശ്രീശങ്കർ:
മൂന്നു പേർക്കും സാധ്യതയുണ്ടെന്നാണു കരുതുന്നത്. അതു കൊണ്ടാണല്ലോ മൂന്നു പേരും ഈ പട്ടികയിൽ ഉൾപ്പെട്ടത്. 

സിദ്ധാർഥ ബാബു:
വാഹനാപകടം വരുത്തിയ ശാരീരിക പരിമിതികൾക്കിടയിലും കഴിഞ്ഞ വർഷം ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടാനായി. എനിക്ക് അല്ലെങ്കിൽ ആർക്ക് അവാർഡെന്നു വിലയിരുത്താൻ കഴിയില്ല. ശ്രീശങ്കർ, സച്ചിൻ..ഇവരിൽ ആർക്ക് അവാർഡ് കിട്ടിയാലും സന്തോഷം മാത്രം.

English Summary:

Manorama sports star final three

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com