സാംപിൾ നൽകിയില്ല, ബജ്രങ് പൂനിയയെ സസ്പെൻഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി
Mail This Article
ന്യൂഡൽഹി∙ ഗുസ്തി താരം ബജ്രംങ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി സസ്പെൻഡ് ചെയ്തു. ട്രയൽസിനിടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് സാംപിൾ നൽകാൻ പൂനിയ വിസമ്മതിച്ചിരുന്നു. മാർച്ച് പത്തിനാണ് സാംപിൾ നൽകാൻ ബജ്രങ് പൂനിയയോട് ആവശ്യപ്പെട്ടത്. ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസിനും പൂനിയ മറുപടി നൽകിയിരുന്നില്ല. ഇതോടെയാണു നടപടിയെടുത്തത്.
സോനിപ്പത്തിൽ നടന്ന ട്രയൽസിൽ രോഹിത് കുമാറിനോടു പരാജയപ്പെട്ടതിനു പിന്നാലെ സാംപിൾ നൽകാതെ പൂനിയ മടങ്ങുകയായിരുന്നു. സസ്പെൻഷൻ അവസാനിക്കുന്നതു വരെ പൂനിയയ്ക്ക് മത്സരങ്ങളിലോ, ട്രയൽസിലോ പങ്കെടുക്കാൻ സാധിക്കില്ല. ഒളിംപിക്സ് ട്രയൽസിലും പൂനിയയ്ക്ക്് പങ്കെടുക്കാൻ സാധിക്കുമോയെന്നു വ്യക്തമല്ല. ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാവായ പൂനിയയ്ക്ക് പാരിസ് ഒളിംപിക്സ് യോഗ്യത നേടാൻ ഇനിയും അവസരം ലഭിക്കേണ്ടതാണ്.
ഒളിംപിക് ജേതാവ് എന്ന നിലയിൽ മേയ് 31 ന് നടക്കുന്ന ട്രയൽസിൽ, 65 കിലോ വിഭാഗത്തിലെ വിജയിയെ നേരിടാൻ പൂനിയയ്ക്ക് അവസരമുണ്ടാകും. അതേസമയം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസിന് മറുപടി നൽകാൻ പൂനിയയ്ക്ക് ഇനിയും സമയമുണ്ട്. മേയ് ഏഴിനകം മറുപടി നൽകണമെന്നാണ് നോട്ടിസിലുള്ളത്.