പൊൻതൂവൽസ്പർശം; പാരിസ് ഒളിംപിക്സിന് മുൻപ് പി.വി.സിന്ധുവും ലക്ഷ്യ സെന്നും സംസാരിക്കുന്നു...

Mail This Article
ബെംഗളൂരു ∙ ലോക കായികവേദിയിലേക്ക് ഇന്ത്യ പറത്തിവിട്ട രണ്ടു പൊൻതൂവലുകളാണു പി.വി.സിന്ധുവും ലക്ഷ്യ സെന്നും. 2 ഒളിംപിക് മെഡലുകളും ഒട്ടേറെ ലോക ചാംപ്യൻഷിപ് മെഡലുകളുമായി ഇരുപത്തെട്ടുകാരി സിന്ധു രാജ്യത്തെ ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന ‘ലേഡി ഐക്കണാ’യി നിൽക്കുന്നു. കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയ ഇരുപത്തിരണ്ടുകാരൻ ലക്ഷ്യ ലോകവേദിയിൽ എതിരാളികളുടെ ‘നോട്ടപ്പുള്ളി’യാണ്. രാജ്യാന്തര ചാംപ്യൻഷിപ്പുകളുടെ ഇടവേളയിൽ ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ – രാഹുൽ ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിലേക്കു മടങ്ങിയെത്തിയ ഇരുവരും തീവ്രപരിശീലനത്തിന്റെ തിരക്കിലാണ്. അൽപനേരത്തേക്ക് ഇരുവരും ‘മനോരമ’യോടു മനസ്സുതുറന്നപ്പോൾ:
പി.വി. സിന്ധു സംസാരിക്കുന്നു
Qഒളിംപിക്സിൽ ഹാട്രിക് മെഡൽ പ്രതീക്ഷിക്കാമോ?
Aഎല്ലാ ടൂർണമെന്റിലും മെഡൽ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. പക്ഷേ, എല്ലായ്പ്പോഴും സാഹചര്യങ്ങൾ എനിക്ക് അനുകൂലമായി വരണമെന്നില്ല. പാരിസ് ലക്ഷ്യമാക്കി നല്ല രീതിയിൽ ഒരുങ്ങുന്നുണ്ട്.
Qഇപ്പോഴത്തെ ഫോമിനെപ്പറ്റി ആശങ്കയുണ്ടോ?
Aഫോമിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്.ശരീരക്ഷമത, കാലാവസ്ഥ, മത്സരാന്തരീക്ഷം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ വിജയപരാജയങ്ങളെ നിർണയിക്കുന്നുണ്ട്. എല്ലാംകൂടി ഒത്തുവന്നാൽ വിജയം നമുക്കൊപ്പമാകും. തോൽവിയിൽ നിരാശപ്പെടുന്നയാളല്ല ഞാൻ. ജയം നേടുന്നതുവരെ കഠിനാധ്വാനം തുടരും. നിരന്തരശ്രമം ജയം കൊണ്ടുവരുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്.
Qഒളിംപിക്സിനു മുൻപുള്ള ഒരുക്കം എങ്ങനെയാണ്?
Aഇനിയുള്ള ഒരുക്കവും പരിശീലനവുമൊക്കെ ജർമനിയിലാണ്. ഒളിംപിക്സിന് ഒന്നോ രണ്ടോ ആഴ്ച മുൻപേ പാരിസിലെത്തും.
2016ൽ റിയോയിൽ വനിതാ സിംഗിൾസിൽ വെള്ളി നേടിയ സിന്ധു കഴിഞ്ഞ തവണ ടോക്കിയോയിൽ വെങ്കലം സ്വന്തമാക്കി.
ലക്ഷ്യയോട് 3 ചോദ്യങ്ങൾ
Qഒളിംപിക്സിൽ ലക്ഷ്യമെന്താണ്?
Aസംശയമെന്ത്, മെഡൽ തന്നെയാണു ലക്ഷ്യം. ഒരുക്കങ്ങൾ നന്നായി പോകുന്നുണ്ട്. ഒട്ടേറെ ടൂർണമെന്റുകളിൽ കളിച്ചു. നല്ല ആത്മവിശ്വാസത്തിലാണ്.
Qഇടയ്ക്കിടെയുണ്ടാകുന്ന പരുക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടോ?
Aഎല്ലാവരുടെയും കരിയറിലെ വിഷമഘട്ടമാണു പരുക്ക്. ദ്രാവിഡ് – പദുക്കോൺ സെന്ററിലെ ന്യൂട്രിഷനിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ഇപ്പോൾ നീങ്ങുന്നത്. പരുക്കുകളെ അതിജീവിക്കാൻ അവരുടെ സേവനം ഉപകരിക്കുമെന്നാണു പ്രതീക്ഷ.
Qഇനിയുള്ള ഒരുക്കം?
Aഅടുത്തയാഴ്ച കാനഡയിലേക്കു പോകും. അവിടെ കാനഡ ഓപ്പണിൽ പങ്കെടുക്കും. അതിനുശേഷം പാരിസിലേക്കു പോകും. അവിടെ മാഴ്സൈയിൽ മൂന്നാഴ്ചയോളം പരിശീലനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ഫ്രാൻസിൽനിന്ന് ഒളിംപിക്സിൽ മത്സരിക്കുന്നവരുമായി കളിക്കാൻ ധാരണയുണ്ടാക്കിയിട്ടുണ്ട്.