ഞാൻ തിരിച്ചു വരും: എം.ശ്രീശങ്കർ ആദ്യമായി മനസ്സു തുറക്കുന്നു
Mail This Article
∙‘ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിന്നു സങ്കടക്കടലാഴങ്ങളിലേക്കുള്ള വീഴ്ചയായിരുന്നു അത്. എന്നും നടത്തുന്ന പരിശീലനത്തിനിടെ സംഭവിച്ച അപകടം. പക്ഷേ, അതെന്റെ ഒളിംപിക്സ് സ്വപ്നം ഇല്ലാതാക്കി. ഞാൻ തകർന്നുപോയി. ആ നീറ്റലിൽനിന്നു പുറത്തുകടക്കാൻ ഏറെ സമയം വേണ്ടിവന്നു’ – ഒളിംപിക്സിനായി തയാറെടുക്കുന്നതിനിടെ സംഭവിച്ച പരുക്കിനെപ്പറ്റി പറയുമ്പോൾ ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ വാക്കുകളിൽ ഇപ്പോഴും നൊമ്പരം.
ഇന്ത്യയിൽനിന്നു പാരിസ് ഒളിംപിക്സിനു യോഗ്യത ലഭിച്ച ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റ് എന്ന നേട്ടത്തോടെ പരിശീലനം നടത്തുമ്പോഴാണു ശ്രീയെ പരുക്കു വീഴ്ത്തിയത്. അതോടെ, ഒളിംപിക്സ് മോഹം ഉപേക്ഷിക്കേണ്ടി വന്നു. ദോഹയിലെ ആസ്പെറ്റാർ ഓർത്തോപീഡിക്സ് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശ്രീശങ്കർ.
പരുക്ക് വന്ന വഴി
സൈപ്രസിലേക്കു പോകുന്നതിന് ഒരാഴ്ച മുൻപായിരുന്നു പാലക്കാട്ടെ പരിശീലനത്തിനിടെ ശ്രീശങ്കറിനു പരുക്കേറ്റത്. ‘വാം അപ്പിനായി ചെറിയ റണ്ണപ്പിൽ നടത്തിയ ചാട്ടം. അതിലാണു കാലിനു പരുക്കേറ്റത്. പരുക്കേൽക്കാൻ മാത്രമുള്ള വേഗമോ ലാൻഡിങ്ങോ ആ ചാട്ടത്തിനില്ലായിരുന്നു’ – ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ എസ്.മുരളി പറഞ്ഞു.
പരുക്കേറ്റത് ഏപ്രിൽ 16ന്. 23നു ദോഹയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ. നെയ്മാർ, കിലിയൻ എംബപെ എന്നിവർ ശസ്ത്രക്രിയയ്ക്കു വിധേയരായ ആശുപത്രിയാണിത്. ഏപ്രിൽ 29 മുതൽ ബെള്ളാരിയിൽ ജെഎസ്ഡബ്ല്യുവിന്റെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വിശ്രമവും തുടർ ചികിത്സകളും. ജൂൺ 29നു വീണ്ടും ദോഹയിലേക്കു പോയി. ഈമാസം 20നു ശേഷം തിരിച്ചുവരും.
മിഷൻ 2025
‘കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിച്ചതിനാൽ എനിക്കെന്റെ കരിയർ നഷ്ടപ്പെട്ടില്ല. കാല് പഴയ പോലെയാകാൻ 6 മാസമെടുക്കും. അതിനുശേഷം പതിയെ പരിശീലനം നടത്തി ജംപിങ് പിറ്റിലേക്കു മടങ്ങിയെത്തണം. അടുത്ത വർഷം ജൂണിൽ വീണ്ടും കളത്തിലേക്ക് ഇറങ്ങാമെന്നാണു പ്രതീക്ഷ– ശ്രീശങ്കർ പറഞ്ഞു.
ഒളിംപിക്സിൽ കമന്റേറ്റർ?
പാരിസ് ഒളിംപിക്സ് അത്‍ലറ്റിക് മത്സരങ്ങൾക്കു കമന്ററി പറയാൻ ഒരുപക്ഷേ, ഇത്തവണ ശ്രീശങ്കർ എത്തിയേക്കും. ഇന്ത്യയിൽ ഒളിംപിക്സ് സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനൽ ഇതുമായി ബന്ധപ്പെട്ട് ശ്രീശങ്കറിന്റെ സ്പോൺസറായ ജെഎസ്ഡബ്ല്യുവിനെ സമീപിച്ചിരുന്നു. അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
ശ്രീശങ്കറിന് സംഭവിച്ചത്
ശ്രീശങ്കറിന്റെ ഇടത്തേ കാലിലാണു പരുക്കേറ്റത്. മുട്ടുചിരട്ടയെ പുല്ലൂരിയുമായി ബന്ധിപ്പിക്കുന്ന ടെൻഡൻ (മാംസപേശിയെ അസ്ഥിയോടു ബന്ധിപ്പിക്കുന്ന ചലന ഞരമ്പ്) ഒടിഞ്ഞു. ലോങ്ജംപ് റാങ്കിങ്ങിൽ ശ്രീശങ്കറിനു മുന്നിലുള്ള യുഎസ് താരങ്ങളായ മാർക്വിസ് ഡെൻഡി, ജാറിയൻ ലോസൺ ഉൾപ്പെടെയുള്ളവർ ഈ പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുണ്ട്.