ADVERTISEMENT

രാഷ്ട്രീയക്കളത്തിലെ ഏതു പ്രതികൂല സാഹചര്യത്തെയും തന്ത്രങ്ങളിലൂടെ ഡ്രിബിൾ ചെയ്തു മറികടക്കുന്ന ഭരണാധികാരിയാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. ഒളിംപിക്സിന് ഒരുക്കമായി നടത്തിയ പ്രദർശന മത്സരത്തിൽ പെനൽറ്റിയിലൂടെ ഗോൾ നേടി മിടുക്കു കാട്ടിയ മക്രോ, ഫുട്ബോളിനോടുള്ള ഫ്രഞ്ചുകാരുടെ ഇഷ്ടം മുതലാക്കിയുള്ള നീക്കങ്ങൾ അധികാരത്തിലേറിയ ശേഷം സ്ഥിരമായി നടത്താറുണ്ട്. ‘ഒരു ഫുട്ബോൾ താരമാവുക എന്നതായിരുന്നു കുട്ടിക്കാലത്ത് എന്റെ മോഹം’ – കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ കാലത്തു ഫ്രഞ്ച് ടീമിനെ സന്ദർശിച്ചശേഷം മക്രോ പറഞ്ഞു. സൂപ്പർതാരം കിലിയൻ എംബപെയുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രസിഡന്റ്, ആ ബന്ധം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ ഒളിംപിക്സ് സംഘാടകർ ആശങ്കയിലാണ്.

ഒരുക്കങ്ങൾ തകൃതി

പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിക്കരയിൽ ഉദ്ഘാടന മഹോത്സവം നടത്തുന്നതു മുതൽ ഒളിംപിക്സിനെ രാജകീയമായി വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ സംഘാടകർ മുഴുകിയിരിക്കുമ്പോഴാണു മക്രോ അപ്രതീക്ഷിതമായി പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫലം വന്നപ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. നിലവിലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി സമർപ്പിച്ചെങ്കിലും ഒളിംപിക്സ് മുന്നിൽക്കണ്ട് സ്ഥാനത്തു തുടരാൻ മക്രോ നിർദേശിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ പ്രതിസന്ധിയെയാണു രാജ്യം അഭിമുഖീകരിക്കുന്നത് എന്നു പറഞ്ഞാണു മുപ്പത്തഞ്ചുകാരനായ അത്താൽ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. കൂടുതൽ സീറ്റുകൾ നേടിയ ഇടതുസഖ്യം മക്രോയുടെ മുന്നണിയുമായി ചേർന്നു ഭരണത്തിലേറിയാൽ അത്താൽ പുറത്തായേക്കും. ഇടതുസഖ്യത്തിലെ മുഖ്യപാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി പദം ഉന്നമിട്ടു രംഗത്തുണ്ട്.

അന്നേ പറഞ്ഞു

ഒരു മാസം മുൻപു പൊടുന്നനെ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച മക്രോയുടെ തീരുമാനത്തെ അന്നുതന്നെ പാരിസ് മേയർ ആൻ ഹിഡാൽഗോ രൂക്ഷമായി വിമർശിച്ചിരുന്നു. ‘ഒളിംപിക്സ് പോലെ ലോകം ഉറ്റുനോക്കുന്ന മഹാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം തയാറെടുത്തു നിൽക്കെ മക്രോ എന്തിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നു മനസ്സിലാകുന്നില്ല. രാഷ്ട്രീയ അസ്ഥിരതയിലേക്കു രാജ്യത്തെ തള്ളിയിടുന്ന തീരുമാനമായിപ്പോയി’ – ഇതായിരുന്നു പാരിസ് മേയറുടെ പ്രതികരണം. എന്നാൽ, തിരഞ്ഞെടുപ്പ് അതിന്റെ വഴിക്കു നീങ്ങുമെന്നും മേളയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

സമരകാഹളം

സമരം പ്രഖ്യാപിച്ച് വിമാനത്താവള ജീവനക്കാരും ഒളിംപിക് സംഘാടകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. ഒളിംപിക്സ് കാലത്തു പ്രത്യേക ബോണസ് അനുവദിക്കുക, കൂടുതൽ തൊഴിലാളികളെ നിയോഗിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു സമരം. അടുത്തയാഴ്ച മുതൽ പാരിസിലേക്ക് അത്‌ലീറ്റുകൾ എത്തിത്തുടങ്ങുമെന്നതിനാൽ സമരത്തെ ഗൗരവത്തോടെയാണു സർക്കാരും സംഘാടകരും കാണുന്നത്. 

   ലോകകപ്പ് ഫുട്ബോളിനു ഫ്രാൻസ് വേദിയായ 1998ൽ ചാംപ്യൻഷിപ്പിനു തൊട്ടുമുൻപ് എയർ ഫ്രാൻസ് വിമാനക്കമ്പനിയിലെ പൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരുന്നു. പാരിസിലെ പൊതുഗതാഗത സംവിധാനത്തിലെ തൊഴിലാളികളും അന്നു സമരത്തിൽ പങ്കുചേർന്നു.  സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് അന്നു പ്രതിഷേധം ഒത്തുതീർപ്പാക്കിയത്.

English Summary:

Paris is worried as the Olympics approach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com