ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ കേരളത്തിന്റെ കൈയൊപ്പ്; തിലോത്തമ പൊരുതി നേടിയ നേട്ടം
Mail This Article
കോട്ടയം ∙ ജീവിതം കാത്തുവച്ച വെല്ലുവിളികൾക്കെതിരെ തിലോത്തമ ആരംഭിച്ച പ്രയാണം ഒടുവിൽ ഒളിംപിക്സിന്റെ ഭാഗമാകുന്നു. തിലോത്തമ ഉൾപ്പെടുന്ന സംഘം ദീപശിഖയുമായി ഒളിംപിക്സ് വേദിയിലേക്ക് എത്തുമ്പോൾ നിശ്ചയദാർഢ്യമുള്ള മനസിന് ഏതു വൈകല്യങ്ങളും മറികടക്കാമെന്ന ആത്മവിശ്വാസത്തിന് ദീപം തെളിക്കും. ഒപ്പം ഒളിംപിക്സ് വേദിയിൽ കേരളത്തിനും കോട്ടയത്തിനും അഭിമാനിക്കാനൊരു നിമിഷവും. പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് തിലോത്തമ ഐക്കരേത്ത്. ഫ്രഞ്ച് നഗരമായ ഷെൻവിലിയേയിൽ ഒളിംപിക്സിന് തിരശീല ഉയരുന്നതിനു രണ്ടു ദിവസം മുൻപ്, ജൂലൈ 24നാണ് തിലോത്തമ ഉൾപ്പെടുന്ന സംഘം ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുക.
കോട്ടയം സ്വദേശിയാണ് തിലോത്തമയുടെ പിതാവ് ജോ ഐക്കരേത്ത്. മാതാവ് മുരിയേൽ ഫ്രഞ്ച് പൗരയും. ജോ പ്രശസ്തനായ ഫാഷൻ ഡിസൈനറാണ്. മുരിയേലാകട്ടെ ക്രിയേറ്റിവ് മൂവ്മെന്റ് തെറപ്പിസ്റ്റും. 7–ാം ക്ലാസ് വരെ കോട്ടയത്തെ ‘പള്ളിക്കൂടം’ സ്കൂളിലായിരുന്നു തിലോത്തമയുടെ വിദ്യാഭ്യാസം. ജന്മനാ വലതുകരം ഭാഗികമായി തളർന്ന തിലോത്തമയ്ക്ക് പഠന വൈകല്യവും ഒരു വെല്ലുവിളിയായിരുന്നു. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവമായിട്ടാണ് ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാനുള്ള അവസരം തിലോത്തമ കാണുന്നത്. മറ്റ് 23 പാരാ–തയ്ക്വാൻഡോ താരങ്ങൾക്കൊപ്പമാകും തിലോത്തമ ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുക. പപ്പയുടെയും അമ്മയുടെയും മൂത്ത സഹോദരൻ തിയോയുടെയും ഉറച്ച പിന്തുണയാണ് സ്വപ്നങ്ങളെ കീഴടക്കാനുള്ള യാത്രയിൽ കരുത്തെന്ന് തിലോത്തമ വ്യക്തമാക്കുന്നു.
‘‘വീട്ടിലിരുന്ന് പഠിച്ചാണ് ഞാൻ പത്താം ക്ലാസ് പൂർത്തിയാക്കിയത്. കോവിഡിനു ശേഷം പുതിയ സാധ്യതകൾ തേടി ഞങ്ങൾ ഫ്രാൻസിലേക്ക് താമസം മാറി. ഇവിടെ എത്തിയ ശേഷം പാരിസിലെ പ്രശസ്തമായ ഐഎൻഎസ്ഇപി (ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്, എക്സ്പെർട്ടൈസ് ആൻഡ് പെർഫോമൻസ് ഇൻ പാരിസ്) സന്ദർശിക്കാൻ കഴിഞ്ഞു. അവിടെ വച്ചാണ് പാരാ–തയ്ക്വാൻഡോ പരീക്ഷിക്കാൻ തീരുമാനിച്ചത്. ഫ്രഞ്ച് ടീം കോച്ചിന്റെ പ്രോത്സാഹനം കൂടിയായതോടെ ഞാൻ പാരാ–തയ്ക്വാൻഡോയുടെ ഭാഗമായി. ഇനി ഫ്രഞ്ച് ദേശീയ ടീമിന്റെ ഭാഗമായി 2028ലെ ലൊസാഞ്ചലസ് പാരാലിംപിക്സിൽ പാരാ–തയ്ക്വാൻഡോയിൽ മത്സരിക്കുകയാണ് ലക്ഷ്യം. അതിനു ശേഷം ഒരു കായികാധ്യാപികയാവുകയെന്ന സ്വപ്നവുമുണ്ട്’’ – ഓൺമനോരമയോട് തിലോത്തമ പറഞ്ഞു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പൂർവ വിദ്യാർഥിയായ ജോ, ഭിന്നശേഷിക്കാർക്കായി 2016 മുതൽ മൂവ് എബിലിറ്റി ക്ലോത്തിങ് എന്ന പ്രസ്ഥാനം നടത്തുന്നു. കേരളത്തിലായിരുന്ന സമയത്ത് കോട്ടയം കളത്തിപ്പടിയിൽ ആയുർവേദ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന മുരിയേലാകട്ടെ, പാരിസിൽനിന്ന് ഒരു മണിക്കൂർ യാത്രാദൂരമുള്ള ബെല്ലോത്തിൽ ഒരു സംഗീത വിദ്യാലയത്തിന്റെ ഡയറക്ടറാണ് ഇപ്പോൾ. തയ്ക്വാൻഡോയ്ക്കു പുറമേ ഫുട്ബോളും സംഗീതവുമാണ് തിലോത്തമയുടെ ഇഷ്ട മേഖലകളെന്ന് മുരിയേൽ സാക്ഷ്യപ്പെടുത്തുന്നു. മകൾ അധികം വൈകാതെ ദേശീയ പാരാ–തയ്ക്വാൻഡോ ടീമിൽ എത്തുമെന്ന സ്വപ്നവും ഈ അമ്മ പങ്കുവയ്ക്കുന്നു.