പാരിസ് ഒളിംപിക്സിലും ഇന്ത്യ – പാക്ക് പോരാട്ടം; നീരജ് ചോപ്ര X അർഷാദ് നദീം: ഒളിംപിക്സ് ക്ലാസിക്കോ!

Mail This Article
2021 ഒളിംപിക്സിൽ ജർമനിയുടെ ജൊഹാനസ് വെറ്റർ അടക്കമുള്ള വമ്പൻമാരെ തറപറ്റിച്ചപ്പോൾ കായിക ലോകം നീരജ് ചോപ്രയെ വാഴ്ത്തി; ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് !. 3 വർഷത്തിനിപ്പുറം ജാവലിൻരംഗത്തെ ഇതിഹാസമായി ഇന്ത്യയുടെ നീരജ് മാറിക്കഴിഞ്ഞു. നിലവിലെ ഒളിംപിക്സ് ചാംപ്യനും ലോക ചാംപ്യനുമെന്ന ഇരട്ട പകിട്ടോടെ രണ്ടാം ഒളിംപിക്സിനെത്തുന്ന നീരജിനെ എറിഞ്ഞു തോൽപിക്കാൻ തയാറായി നിൽക്കുന്ന ഒട്ടേറെ ദാവീദുമാർ ഇത്തവണ പാരിസിലുണ്ട്. അതിന്റെ മുൻനിരയിലാണ് പാക്കിസ്ഥാൻ താരമായ അർഷാദ് നദീം. ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾപോലെ അത്‍ലറ്റിക്സിലെ എൽ ക്ലാസിക്കോയാണ് നീരജ്–അർഷാദ് പോരാട്ടം. പാരിസിൽ ഇന്ത്യയുടെ സുവർണ സ്വപ്നങ്ങളുടെ പതാകാവാഹകൻ നീരജാണെങ്കിൽ മാർച്ച് പാസ്റ്റിൽ പാക്കിസ്ഥാന്റെ പതാക വഹിക്കുന്നത് ഇരുപത്തേഴുകാരൻ അർഷാദാണ്.
രാജ്യാന്തര മത്സരങ്ങളിൽ ഇതുവരെ 9 തവണയാണ് നീരജും അർഷാദും ഏറ്റുമുട്ടിയത്. ഇതുവരെ അർഷാദിനോട് തോറ്റിട്ടില്ലെന്ന ചരിത്രം നീരജിന് ആത്മവിശ്വാസമേകും. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ അർഷാദ് ഗെയിംസ് റെക്കോർഡോടെ (90.18 മീറ്റർ) ചാംപ്യനായപ്പോൾ നീരജ് ആ ഗെയിംസിൽ മത്സരിച്ചിരുന്നില്ല. ജാവലിൻത്രോയിൽ നീരജിന് ഇതുവരെ കൈയെത്തിപ്പിടിക്കാനാകാത്ത 90 മീറ്റർ കടമ്പ കരിയറിൽ ഒരേയൊരു തവണ അർഷാദ് പിന്നിട്ടതും ആ മത്സരത്തിലാണ്. 2023ലെ ബുഡാപെസ്റ്റ് ലോക ചാംപ്യൻഷിപ്പിൽ നീരജ് ചരിത്ര സ്വർണം നേടിയപ്പോൾ 35 സെന്റിമീറ്റർ മാത്രം വ്യത്യാസത്തിൽ അർഷാദിന് രണ്ടാം സ്ഥാനം. അന്ന് നീരജിലൂടെ ഇന്ത്യയ്ക്ക് അത്‍ലറ്റിക്സിലെ ആദ്യ ലോക ചാംപ്യനെ ലഭിച്ചപ്പോൾ ലോക അത്‍ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമെന്ന നേട്ടം അർഷാദിനും സ്വന്തമായി.
കഴിഞ്ഞവർഷം ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ കായികപ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കിയത് നീരജ്–അർഷാദ് മത്സരത്തിനായാണ്. എന്നാൽ മത്സരത്തിന് മണിക്കൂറുകൾ മുൻപ് കാൽമുട്ടിനു പരുക്കേറ്റ് അർഷാദ് പിൻവാങ്ങിയതോടെ ആ കാത്തിരിപ്പ് വിഫലമായി.
നീരജ് Vs അർഷാദ്
2016ൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ തുടങ്ങിയതാണ് നീരജും അർഷാദും തമ്മിലുളള ജാവലിൻ പോര്. അന്ന് നീരജ് 82.23 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ അർഷാദ് മൂന്നാമതായി (78.33). നീരജെന്ന ലോക ചാംപ്യന്റെ ഉദയത്തിനു വേദിയായ 2016ലെ ലോക ജൂനിയർ ചാംപ്യൻഷിപ്പിലും എതിരാളിയായി അർഷാദുണ്ടായിരുന്നു. നീരജ് ലോക റെക്കോർഡോടെ സ്വർണം നേടിയപ്പോൾ യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ട അർഷാദ് 30–ാം സ്ഥാനത്തായി. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലാണ് സീനിയർ തലത്തിൽ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്.