ഓൾ ദ് ബെസ്റ്റ്; ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്, എതിരാളികള് ന്യൂസീലൻഡ്

Mail This Article
പാരിസ് ∙ 41 വർഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക് മെഡൽ നേടി ടോക്കിയോയിൽ ചരിത്രമെഴുതിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരിസ് ഒളിംപിക്സിൽ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. പൂൾ ബിയിൽ ന്യൂസീലൻഡാണ് ആദ്യ എതിരാളികൾ. മത്സരം വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം രാത്രി 9).
മെഡൽ പ്രതീക്ഷകളുടെ സമ്മർദത്തെ മറികടന്ന് ഉജ്വല പ്രകടനം നടത്താനുറച്ചാകും ടീം ഇന്ത്യ ഇന്നു കളത്തിലെത്തുക. 1924ൽ പാരിസ് അവസാനമായി ഒളിംപിക്സിനു വേദിയൊരുക്കിയപ്പോൾ പ്രധാന സ്റ്റേഡിയമായി ഉപയോഗിച്ച ഈവ് ദു മനുവായിലാണ് ഇത്തവണ ഹോക്കി മത്സരങ്ങൾ നടക്കുന്നത്.
ഗ്രൂപ്പിൽ ശക്തർ
കരുത്തരായ ബൽജിയം, ഓസ്ട്രേലിയ ടീമുകളും അർജന്റീന, ന്യൂസീലൻഡ്, അയർലൻഡ് എന്നിവരുമാണ് ഇന്ത്യ ഉൾപ്പെടുന്ന പൂൾ ബിയിലുള്ളത്. ഗ്രൂപ്പിലെ ആദ്യ 4 സ്ഥാനക്കാർ ക്വാർട്ടറിലേക്കു മുന്നേറും. നെതർലൻഡ്സ്, ജർമനി, ബ്രിട്ടൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് ടീമുകളാണു പൂൾ എയിൽ. ആദ്യ മത്സരങ്ങളിൽ മികച്ച വിജയം നേടി പോയിന്റ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ഇറങ്ങുക.
കരുത്തോടെ മുന്നേറാൻ
ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ 11 പേർ ടോക്കിയോയിൽ വെങ്കലം നേടിയ ടീമിൽ ഉണ്ടായിരുന്നവരാണ്. ജർമൻപ്രീത് സിങ്, സുഖ്ജീത് സിങ്, അഭിഷേക്, രാജ്കുമാർ പാൽ, സഞ്ജയ് എന്നിവർക്കിത് ആദ്യ ഒളിംപിക്സാണ്. ഒളിംപിക്സിനു ശേഷം രാജ്യാന്തര കരിയറിനോടു വിടപറയുന്ന മലയാളി താരം പി.ആർ.ശ്രീജേഷിനു മികച്ചൊരു വിടവാങ്ങൽ കൊടുക്കുകയെന്ന ദൗത്യവും ടീമിനുണ്ടാകും.
ടോക്കിയോ ഒളിംപിക്സിലെ ആദ്യ മത്സരത്തിലും ഇന്ത്യയുടെ എതിരാളികൾ ന്യൂസീലൻഡായിരുന്നു. ടോക്കിയോയിൽ 3–2നു വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോടു വൻ തോൽവി (1–7). എന്നാൽ, പിന്നീടു സ്പെയിനെയും (3–0) അർജന്റീനയെയും (3–1) തോൽപിച്ചു ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ബ്രിട്ടനെ 3–1നു മറികടന്നു.
സെമിയിൽ ബൽജിയത്തോടു തോൽവി (2–5). വെങ്കല മത്സരത്തിൽ ശ്രീജേഷിന്റെ മാസ്മരിക പ്രകടനത്തിലൂടെ ജർമനിയെ 5–4നു കീഴടക്കി മൻപ്രീത് സീങ്ങിന്റെ നേതൃത്വത്തിൽ ചരിത്രനേട്ടം.
∙ ഞങ്ങൾ ഇവിടെ നേരത്തേ എത്തിയിരുന്നു. കാലാവസ്ഥയുമായും കളിക്കളവുമായും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. - പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ഗോൾകീപ്പർ
ഇന്ത്യ ഇന്ന് @ പാരിസ്
ബാഡ്മിന്റൻ
പുരുഷ സിംഗിൾസ്: ലക്ഷ്യ സെൻ – കെവിൻ കോർഡോൻ (ഗ്വാട്ടിമാല) വൈകിട്ട് 7.10
പുരുഷ ഡബിൾസ്: സാത്വിക്, ചിരാഗ് – ലൂക്കാസ് കോർവീ, റോനൻ ലാബർ (ഫ്രാൻസ്) രാത്രി 8
വനിതാ ഡബിൾസ്: അശ്വിനി പൊന്നപ്പ, താനിഷ ക്രാസ്റ്റോ – കിം സോ യോങ്, കോങ് ഹീ യോങ് (കൊറിയ) രാത്രി 11.50
ബോക്സിങ്
വനിത 54 കി.ഗ്രാം ആദ്യ റൗണ്ട്: പ്രീതി പവാർ – തി കിം
(വിയറ്റ്നാം) അർധരാത്രി 12.05
ഹോക്കി
പൂൾ ബി: ഇന്ത്യ – ന്യൂസീലൻഡ് രാത്രി 9
റോവിങ്
പുരുഷ സിംഗിൾസ് സ്കൾസ്: പൻവർ ബൽരാജ് അർധരാത്രി 12.30
ടേബിൾ ടെന്നിസ്
പുരുഷ സിംഗിൾസ്: ഹർമീത് ദേശായി –
സയീദ് അബു യമൻ (ജോർദാൻ) വൈകിട്ട് 7.15
ടെന്നിസ്
പുരുഷ ഡബിൾസ്: രോഹൻ ബൊപ്പണ്ണ, ശ്രീരാം ബാലാജി – എഡ്വേഡ് റോജർ, ഫാബിയൻ റീബൗൾ (ഫ്രാൻസ്) – വൈകിട്ട് 3.30
ഷൂട്ടിങ്
10 മീറ്റർ എയർ റൈഫിൾ ടീം (യോഗ്യതാ റൗണ്ട്) – ഉച്ചകഴിഞ്ഞ് 12.30
10 മീറ്റർ എയർ പിസ്റ്റൾ
(യോഗ്യതാ റൗണ്ട്) അർജുൻ സിങ് ചീമ, സരബ്ജ്യോത് സിങ് – വൈകിട്ട് 2.00
10 മീറ്റർ എയർ പിസ്റ്റൾ വനിത (യോഗ്യതാ റൗണ്ട്) – മനു ഭാക്കർ, റിഥം സാങ്‌വാൻ – വൈകിട്ട് 4.00
ടെന്നിസ് മത്സരങ്ങൾ ഇന്നു മുതൽ
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ചാംപ്യന്മാരായ റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും കാർലോസ് അൽകാരസിനും വേണ്ടി റൊളാങ് ഗാരോസിലെ കളിമൺകോർട്ടിൽ ഇന്നു വീണ്ടും ആർപ്പുവിളികളുയരും. ഇക്കുറി അരങ്ങ് ഒളിംപിക്സിന്റേതാണെന്ന വ്യത്യാസം മാത്രം. നദാലും അൽകാരസും സ്പെയിനിന്റെ ഡബിൾസ് ടീമിലെ പങ്കാളികളുമാണ്. അർജന്റീനയുടെ മാക്സിമോ ഗോൺസാലസ്– ആന്ദ്രെസ് മോൾട്ടനി സഖ്യത്തെയാണ് സ്പാനിഷ് ജോടി ഇന്നു നേരിടുക. ഓസ്ട്രേലിയയുടെ മാത്യു എബ്ദനാണ് സിംഗിൾസിൽ സെർബിയൻ താരം ജോക്കോവിച്ചിന്റെ എതിരാളി. അൽകാരസ് സിംഗിൾസിൽ ലബനന്റെ ഹാദി ഹബീബിനെ നേരിടും. വനിതാ
വിഭാഗത്തിൽ ജപ്പാന്റെ നവോമി ഒസാക്കയും ജർമനിയുടെ ആഞ്ചലിക് കെർബറും തമ്മിലുള്ള മത്സരവും ഇന്നു നടക്കും.നദാലിന്റെ സിംഗിൾസ് മത്സരം നാളെ ഹംഗറി താരം മാർട്ടൺ ഫുക്സോവിക്സിനെതിരെയാണ്.