കേരള ഒളിംപ്യൻമാർക്ക് സംസ്ഥാന സർക്കാരിന്റെ 5 ലക്ഷം പാരിതോഷികം

Mail This Article
തിരുവനന്തപുരം ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ച് സംസ്ഥാന സർക്കാർ. പി.ആർ.ശ്രീജേഷ്(ഹോക്കി), എച്ച്.എസ്.പ്രണോയ്(ബാഡ്മിന്റൻ), മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അബ്ദുല്ല അബൂബക്കർ(അത്‌ലറ്റിക്സ്) എന്നിവർക്കും അത്‌ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനായ പി. രാധാകൃഷ്ണൻ നായർക്കുമാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഒളിംപിക്സ് ഒരുക്കങ്ങൾക്കും പരിശീലനത്തിനും എന്ന പേരിലാണ് ഒളിംപിക്സിന്റെ ഉദ്ഘാടന ദിവസം പണം അനുവദിച്ചുള്ള പ്രഖ്യാപനം. തുക അനുവദിച്ചതായി കായിക മന്ത്രി വി.അബ്ദു റഹിമാൻ അറിയിച്ചെങ്കിലും ഈ പണം താരങ്ങൾക്ക് എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല.
മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് 5 മുതൽ 50 ലക്ഷം വരെയുള്ള തുകയാണ് പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി മുൻകൂട്ടി അനുവദിച്ചത്. ഇതു കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വൈകിയുള്ള സഹായ പ്രഖ്യാപനം. 2021ലെ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത 10 മലയാളി താരങ്ങൾക്ക് ഒളിംപിക്സിനു മുന്നോടിയായി തന്നെ 5 ലക്ഷം വീതം സർക്കാർ സഹായം അനുവദിച്ചിരുന്നു.
രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്നവരോടു പോലും കേരളം കാട്ടുന്ന അവഗണനയ്ക്കെതിരെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളടക്കം രംഗത്തു വരികയും കേരളം വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് നിയമസഭാ ഹാളിൽ സമ്മാന വിതരണ സമ്മേളനം സംഘടിപ്പിച്ച് മാസങ്ങൾക്കു ശേഷമാണ് പ്രഖ്യാപിച്ച സമ്മാനത്തുക അക്കൗണ്ടിൽ ലഭിച്ചത്.