സിനിമ പിറന്ന തെരുവ്, ബുലെവാ ദെ കപ്പൂസിനോ

Mail This Article
നൂറുകണക്കിനു കഥകളാണു പാരിസിലെ ഓരോ തെരുവിനും പറയാനുള്ളത്. കലയും ചരിത്രവും സംസ്കാരവും ഫാഷനും കൂടിപ്പിണഞ്ഞു കിടക്കുന്ന കഥകൾ. ഭാഷ അറിയാമെങ്കിൽ, സമയം കയ്യിലുണ്ടെങ്കിൽ, പാരിസിലെ തെരുവുകളിലൂടെ കഥകൾ തേടി നടക്കുന്നതൊരു രസമാണ്.
സിനിമ പിറന്ന തെരുവ് കാണാനാണു കഴിഞ്ഞ ദിവസം ബുലെവാ ദേ കപ്പൂസിനോ എന്ന സ്ഥലത്തെത്തിയത്. ‘സിനിമ പിറന്ന തെരുവ്’ എന്ന ബോർഡ് അവിടെ സ്ഥാപിച്ചിട്ടുണ്ടെന്നു നേരത്തേ വായിച്ചറിഞ്ഞിരുന്നു. റോഡിന്റെ രണ്ടുവശങ്ങളിലും ഫ്രഞ്ച് നിർമാണചാരുത വിളിച്ചറിയിക്കുന്ന കെട്ടിടങ്ങൾ. പാരിസിലെ ഏറ്റവും മുന്തിയ ഷോപ്പിങ് മാളുകൾ സമീപമുണ്ട്.
ആദ്യം കണ്ടത് ലൊളിംപ്യ എന്നറിയപ്പെടുന്ന തിയറ്ററാണ്. 1928ൽ ആണു തുടക്കം. ഫ്രാൻസിലും വിദേശത്തുമുള്ള പ്രശസ്തരുടെ സംഗീതവിരുന്നിന് ഈ തിയറ്റർ വേദിയാകാറുണ്ട്. ഒളിംപിക്സ് പ്രമാണിച്ച് ഇപ്പോൾ ദിവസേന സംഗീതനിശയുണ്ട്.മുന്നോട്ടുനീങ്ങിയപ്പോൾ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ചുവരിൽ കണ്ട ചരിത്രപ്രസിദ്ധമായ വരികൾ ഇങ്ങനെ മൊഴിമാറ്റാം: ‘1895 ഡിസംബർ 28നു ചരിത്രത്തിലെ ആദ്യ സിനിമാ പ്രദർശനം നടന്നത് ഇവിടെയാണ്. ലൂമിയർ സഹോദരൻമാർ കണ്ടുപിടിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇവിടെ പൊതു പ്രദർശനം നടന്നത്.’
സിനിമ പിറന്ന തെരുവ് എന്ന ബോർഡ് എവിടെ? ചുറ്റിത്തിരിഞ്ഞു നടന്നെങ്കിലും എവിടെയും കണ്ടില്ല. അത് എടുത്തുമാറ്റിക്കാണുമെന്നു സമീപമുള്ള ഹോട്ടലിലെ ജീവനക്കാരൻ പറഞ്ഞു.സിനിമ പ്രദർശിപ്പിച്ച ആ ഹാൾ ഏതാകും? കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ വാതിൽ തേടി നടന്നു. ‘ഹോട്ടൽ സ്ക്രൈബ്’ എന്ന ബോർഡാണു വരവേറ്റത്. ആദ്യ സിനിമാ പ്രദർശനം നടന്ന ഹാൾ ഇപ്പോൾ ഈ ഹോട്ടലിന്റെ ഭൂഗർഭ നിലയിലാണ്. സാങ്കേതിക കാരണങ്ങളാൽ അവിടേക്കു പ്രവേശനമില്ല. പക്ഷേ, ഹോട്ടലിന്റെ വാതിലിനു സമീപം സ്ഥാപിച്ചിട്ടുള്ള ചരിത്രസൂചിക വലിയ കൗതുകത്തിലേക്കാണു വിരൽചൂണ്ടിയത്.
‘ഇന്ത്യൻ സലോൺ’ എന്ന ഹാളിലാണത്രേ ലൂമിയർ സഹോദരൻമാർ സിനിമയുടെ ആദ്യ പ്രദർശനം നടത്തിയത്.മുൻപ് ഈ കെട്ടിടത്തിൽ ‘ഗ്രാൻഡ് കഫേ’ എന്ന പേരിൽ ഒരു ഹോട്ടൽ പ്രവർത്തിച്ചിരുന്നു. ഗ്രാൻഡ് കഫേയുടെ ഏറ്റവും താഴത്തെ നിലയായിരുന്നു ഇന്ത്യൻ ഹാൾ. ഈ ഹാളിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിലാണ് ആദ്യ സിനിമാ പ്രദർശനം നടന്നത്. ‘ദ് എക്സിറ്റ് ഫ്രം ദ് ലൂമിയർ ഫാക്ടറി ഇൻ ലിയോൺ’ എന്ന് ഇംഗ്ലിഷിൽ പേരുവരുന്ന ഒരു ഹ്രസ്വചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെ 9 ചിത്രങ്ങൾകൂടി കാണികൾക്കു മുന്നിൽ അവതരിപ്പിച്ചു.
കൗതുകം അവിടെയും തീരുന്നില്ല. ജർമൻ ശാസ്ത്രജ്ഞനായ വില്യം റോങ്ജൻ താൻ കണ്ടെത്തിയ എക്സ്റേ സാങ്കേതികവിദ്യയുടെ പ്രദർശനം നടത്തിയതും ഗ്രാൻഡ് കഫേയിലെ ഇന്ത്യൻ ഹാളിലാണെന്നാണു ഹോട്ടലിനു മുന്നിലെ ചരിത്രസൂചിക ഞങ്ങളോടു പറഞ്ഞത്.
സ്വന്തം ഭാര്യയുടെ കൈവിരലിന്റെ എക്സ്റേ എടുത്ത് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നു നടത്തിയ റോങ്ജൻ പിൽക്കാലത്ത് അതിന്റെ പേരിൽ നൊബേൽ സമ്മാനത്തിനും അർഹനായി.ചരിത്രത്തിലെഴുതപ്പെട്ട ഈ രണ്ടു സംഭവങ്ങൾക്കു വേദിയൊരുക്കിയ സ്ഥലത്തിന്റെ പേരിനൊപ്പം ഇന്ത്യൻ എന്നു വന്നത് എങ്ങനെയാകും? ഉയർന്നുവന്ന ഒരു സാധ്യതയിങ്ങനെ. പൗരാണിക കാലത്തുതന്നെ ഇന്ത്യയിൽനിന്നു ഫ്രാൻസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു പരുത്തിനൂൽ കയറ്റുമതി ഉണ്ടായിരുന്നു. ഗുണനിലവാരത്തിന്റെ പേരിൽ ഏറെ പ്രശസ്തവുമായിരുന്നു ഇന്ത്യൻ കോട്ടൺ. നെപ്പോളിയൻ ഒന്നാമന്റെ ഭാര്യയായിരുന്ന ജോസഫൈൻ ബോണപ്പാർട്ടിന് ഇന്ത്യൻ നൂലുകൊണ്ടുള്ള വസ്ത്രങ്ങൾ ഏറെ പ്രിയമായിരുന്നെന്ന കഥ ചരിത്രത്തിലുണ്ട്. അക്കാലത്തുതന്നെ പ്രശസ്തമായ ‘ഇന്ത്യ’യുടെ പേരിൽ ഹാൾ ഉണ്ടായതാകാം...