ഇന്ത്യൻ താരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു; ഒളിംപിക് മാർച്ച് പാസ്റ്റിന്റെ ഭംഗി നഷ്ടപ്പെട്ടു

Mail This Article
ഒളിംപിക്സിന്റെ പോരാട്ടദിനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലോകരാജ്യങ്ങൾക്കെതിരെ കരുത്തോടെ മത്സരിച്ച് മെഡൽ പട്ടികയിൽ ഇടംപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും നമ്മുടെ അത്‌ലീറ്റുകൾക്കായി ഒരുക്കിക്കഴിഞ്ഞു. ആവശ്യത്തിന് ഇന്ത്യൻ ഭക്ഷണം കിട്ടാത്തതിന്റെ പ്രശ്നം അവരുടെ താമസസ്ഥലമായ ഒളിംപിക് വില്ലേജിൽ ഉണ്ടായിരുന്നു. ഞാൻ വില്ലേജ് സന്ദർശിച്ച് അതിനു പരിഹാരമുണ്ടാക്കി.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് ശരിക്കും വലച്ചു. ഞാനൊരു ദേശീയ ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്റായിട്ടുപോലും മണിക്കൂറുകളോളം ബുദ്ധിമുട്ടി. ആദ്യം ഹോട്ടലിൽ രണ്ടുമണിക്കൂറോളം കാത്തുനിൽപ്. പിന്നീടു വേദിയിലേക്കുള്ള നടത്തം. ഇടയ്ക്കു മെട്രോ യാത്ര. പലയിടത്തും തിക്കും തിരക്കും. ഒടുവിൽ പ്രധാനവേദിയിലെത്തിയപ്പോൾ മഴയും. ഉദ്ഘാടനച്ചടങ്ങിനു നല്ല വേഷമൊക്കെ ധരിച്ചെത്തിയതാണ്. സംഘാടകർ റെയിൻകോട്ട് നൽകിയെങ്കിലും ആകെ നനഞ്ഞു.
അത്‌ലീറ്റുകൾക്കുവേണ്ടിയാണല്ലോ ഇതുപോലെയുള്ള ചടങ്ങുകളൊക്കെ നടത്തേണ്ടത്. പക്ഷേ, ഇത്തവണ അവർക്കു തീരെ പ്രാധാന്യം കൊടുക്കാതിരുന്നതു പോലെ തോന്നി. നദിയിലൂടെ ബോട്ടിൽ കൊണ്ടുവന്ന് എവിടെയോ ഇറക്കി. മാർച്ച് പാസ്റ്റിന്റെ ഭംഗി നഷ്ടപ്പെട്ടു. ഇന്ത്യയിലാണെങ്കിൽ ഇത്തരം വലിയൊരു മഹോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഇതിലും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമ്മൾ വളരെ ശ്രദ്ധിക്കുമായിരുന്നു.