ആവേശത്തിലലിഞ്ഞ് ലോകം; മഴയിൽ നനഞ്ഞു കുതിർന്നു, പാരിസിൽ നടന്നതു മറ്റൊന്ന്
Mail This Article
പാരിസ് ∙ ലോകത്തെ അമ്പരപ്പിക്കുന്ന രീതിയിലാണു വെള്ളിയാഴ്ച രാത്രി പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. വിദേശരാജ്യങ്ങളിൽ ടിവിക്കു മുന്നിലിരുന്ന് ചടങ്ങ് ആസ്വദിച്ചവർ ഫ്രാൻസിന്റെ സംഘാടന മികവിനെ അഭിനന്ദിച്ചു. ‘അടിപൊളി സംഭവമായിരുന്നല്ലോ ഉദ്ഘാടനം’ എന്നൊക്കെ പറഞ്ഞ് വാട്സാപ്പിൽ സന്ദേശങ്ങൾ നിറയുന്നു. പക്ഷേ, പാരിസിൽ ഉദ്ഘാടനത്തിനു തൽസമയം സാക്ഷ്യം വഹിക്കാൻ സെൻ നദിക്കരയിൽ കാത്തിരുന്നവരെ നിരാശരാക്കുന്നതായിരുന്നു ചടങ്ങുകൾ.
പാരിസിൽ രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ചടങ്ങു തുടങ്ങിയതു മുതൽ മഴയായിരുന്നു. നദീതീരത്ത് പന്തലുകളൊന്നും ഇല്ലാതിരുന്നതിനാൽ ആദ്യാവസാനം കാണികൾക്കു മഴ നനയേണ്ടി വന്നു. നദിയിലൂടെ ബോട്ടിൽ മാർച്ച്പാസ്റ്റിൽ പങ്കെടുത്ത കായികതാരങ്ങൾ റെയിൻ കോട്ട് ധരിച്ചാണു രക്ഷപ്പെട്ടത്. മഴ കനത്തതോടെ മൂടൽമഞ്ഞ് നിറഞ്ഞു നദിയിലെ കാഴ്ചകൾ മറയുകയും ചെയ്തു.
‘ചരിത്രത്തിലാദ്യമായി തുറന്ന വേദിയിൽ നടത്തിയ ഉദ്ഘാടനച്ചടങ്ങ് വൻ പരാജയമായി. കാണികൾക്കു കുറച്ചുകൂടി സൗകര്യമൊരുക്കാൻ സംഘാടകർ ശ്രദ്ധിക്കണമായിരുന്നു. സുരക്ഷയുടെ ഭാഗമായി നഗരത്തിലെ പ്രധാന നിരത്തുകളിൽ ഉൾപ്പെടെ ഗതാഗതം നിരോധിച്ചതു നഗരവാസികളെ ബുദ്ധിമുട്ടിച്ചു. സുരക്ഷ കണക്കിലെടുത്ത് പല മെട്രോ ലെയ്നുകളും രാത്രിയിൽ പ്രവർത്തിച്ചതുമില്ല. പാരിസുകാർക്ക് ഈ ചടങ്ങ് ദുരിതമായിരുന്നു’ – ഫ്രഞ്ച് പത്രമായ ‘ലുമെനിറ്റ’യുടെ ലേഖകൻ നിക്കൊളാസ് ഗ്വിലെമിൻ ‘മനോരമ’യോടു പറഞ്ഞു.
ഓസ്ടെർലിറ്റ്സ് പാലത്തിൽനിന്നു തുടങ്ങിയ മാർച്ച്പാസ്റ്റ് 6 കിലോമീറ്റർ പിന്നിട്ടാണ് ഐഫൽ ഗോപുരത്തിനു തൊട്ടുമുന്നിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ സമാപിച്ചത്. നദിയുടെ ആദ്യ ഭാഗങ്ങളിൽ ഇരിപ്പിടം കിട്ടിയ പതിനായിരക്കണക്കിനു കാണികൾക്ക് അവിടെനിന്നു മാർച്ച്പാസ്റ്റ് കടന്നുപോയതോടെ മറ്റൊന്നും കാണാൻ പറ്റാതെയായി. അവർക്കു പിന്നീടാശ്രയം വലിയ സ്ക്രീനിലെ പ്രദർശനം മാത്രമായിരുന്നു. ലേഡി ഗാഗ ഉൾപ്പെടെയുള്ളവരുടെ സംഗീതവിരുന്നും നർത്തകരുടെ പ്രകടനവുമൊക്കെ നദിയുടെ വിവിധ ഭാഗങ്ങളിലായതും കാണികളെ നിരാശരാക്കി. മഴമൂലം ചില നൃത്തയിനങ്ങൾ ഉപേക്ഷിക്കേണ്ടതായും വന്നു.
ടിവിയിൽ പക്ഷേ, ഫുട്ബോൾ മാന്ത്രികൻ സിനദിൻ സിദാനിൽനിന്നു തുടങ്ങിയ ദീപശിഖാ പ്രയാണം ഒരു കഥപോലെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് ട്രൊക്കാദിറോയിൽ സമാപിച്ചത് ആഘോഷപ്പൂരത്തിനു തിരി കൊളുത്തി.
ഐഫൽ ഗോപുരത്തിൽ നടത്തിയ പ്രകാശവിസ്മയവും കാഴ്ചയ്ക്കു ഹരമായി. ട്രൊക്കാദിറോയിൽ സിദാനിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി ടെന്നിസ് താരങ്ങളായ റാഫേൽ നദാൽ, സെറീന വില്യംസ്, സ്പ്രിന്റ് ഇതിഹാസം കാൾ ലൂയിസ്, ജിംനാസ്റ്റിക്സ് ഇതിഹാസം നാദിയ കൊമനേച്ചി എന്നിവർ ലുവ്‌ർ മ്യൂസിയം സ്ഥിതിചെയ്യുന്ന കരയിലേക്കു ബോട്ടിൽ നീങ്ങി.
അവരിൽനിന്നു മുൻ ടെന്നിസ് താരം അമേലി മൗറിസ്മോ ദീപശിഖ ഏറ്റുവാങ്ങി. പിന്നീടു ബാസ്കറ്റ്ബോൾ താരം ടോണി പാർക്കറിലേക്ക്.
ഇരുവരും ചേർന്നു ഫ്രഞ്ച് പാരാ അത്‌ലീറ്റുകൾക്കു ദീപശിഖ കൈമാറി. ശേഷം, ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് ഒളിംപിക് മെഡൽ ജേതാവ് ചാൾസ് കോസ്റ്റ (100) ചക്രക്കസേരയിലിരുന്നു ദീപശിഖ വാങ്ങി. അദ്ദേഹത്തിൽനിന്ന് ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റർ മേരി ഹോസെ പെരസും ദീപശിഖ ഏറ്റുവാങ്ങി. ഇരുവരും ചേർന്ന് ഒളിംപിക് ദീപം തെളിച്ചു.
തിളങ്ങിനിന്ന ഒരു ബലൂൺ ആ ദീപവുമായി പാരിസിന്റെ ആകാശത്തിലേക്കു പറന്നുയർന്നു. ഈ സമയത്ത് ഐഫൽ ഗോപുരത്തിൽ സെലിൻ ഡിയോണിന്റെ പാട്ട്. അതോടെ വിസ്മയക്കാഴ്ചകൾക്ക് അവസാനം.
‘1982ലെ ഏഷ്യൻ ഗെയിംസ് മുതൽ ഒളിംപിക്സ് ഉൾപ്പെടെയുള്ള ഒട്ടേറെ രാജ്യാന്തര മീറ്റുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. തുറന്ന വേദിയിലെ ഉദ്ഘാടനം മഹാസംഭവമാകുമെന്നാണു കരുതിയത്. പക്ഷേ, നേരിട്ട് അതിനു സാക്ഷ്യം വഹിച്ചതിന്റെ അനുഭവത്തിൽ പറയട്ടെ, കാണികൾക്ക് അതൊരു ദുരന്തമായിരുന്നു’ – ഇന്ത്യയിൽനിന്നെത്തിയ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു.